ഇംഗ്ലീഷ് പടയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

Posted on: March 9, 2015 7:00 pm | Last updated: March 10, 2015 at 9:28 am
SHARE

bangladesh

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ വീണ്ടും ഇംഗ്ലീഷ് ദുരന്തം. നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനോടു 15 റണ്‍സിനു തോറ്റ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ പുറത്തായി. 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.3 ഓവറില്‍ 260 റണ്‍സിനു ആള്‍ ഔട്ട്. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ സെഞ്ച്വറിക്കുടമയായ മഹ്മൂദുല്ല (103)യാണ് മാന്‍ ഓഫ് ദ മാച്ച്. സൗമ്യ സര്‍ക്കാര്‍ (40), മുഷ്ഫീഖുര്‍ റഹീം (89) എന്നിവരും വിജയത്തിനാധാരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ബൗളിംഗില്‍ നാല് വിക്കറ്റെടുത്ത പേസര്‍ റുബെല്‍ ഹുസൈനാണ് താരം. മശ്‌റഫെ മുര്‍താസയും ടാസ്‌കിന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പൂള്‍ എയില്‍ അഞ്ചു മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച ബംഗ്ലാദേശിന് അടുത്ത മത്സരം തോല്‍വിയറിയാതെ കുതിക്കുന്ന ന്യൂസിലന്‍ഡിനെതിരേയാണ്. അട്ടിമറി സംഭവിച്ചില്ലെങ്കില്‍ ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും. അതേ സമയം, ബംഗ്ലാദേശ് അട്ടിമറി തുടര്‍ന്നാല്‍ പൂളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ശ്രീലങ്കയാകും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ എതിരാളി.
ഇതു മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്. അതുപോലെ ബംഗ്ലാദേശ് ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വരുന്നതും. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും തോറ്റ ഇംഗ്ലണ്ടിന് സ്‌കോട്‌ലന്‍ഡിനെതിരേ മാത്രമാണു ജയം.ഗ്രൂപ്പില്‍ അവശേഷിക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളി.
കൈവിട്ടു പോയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിന് അടുത്ത് എത്തിച്ചതു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറുടെ അവസരോചിത അര്‍ധ സെഞ്ചുറിയാണ്. 52 പന്തില്‍ 65 റണ്‍സ് നേടിയ ബട്‌ലര്‍ വീണതോടെയാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. 49-ാം ഓവറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ജയിംസ് ആന്‍ഡേഴ്‌സന്റെയും കുറ്റി തെറുപ്പിച്ച റൂബല്‍ ഹുസൈന്‍ ബംഗ്ലാദേശിനു ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു. 42 റണ്‍സോടെ പുറത്താകാതെ നിന്ന ക്രിസ് വോക്‌സിന് ഇംഗ്ലണ്ടിന്റെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. ഇയാന്‍ ബെല്‍ (63), ജോ റൂട്ട് (29), അലക്‌സ് ഹെയ്ല്‍സ് (27) എന്നിവരും പൊരുതി നോക്കിയെങ്കിലും, ബംഗ്ലാദേശിന്റെ ചരിത്ര വിജയം തടയാന്‍ സാധിച്ചില്ല.
നാലു വിക്കറ്റു നേടിയ റൂബല്‍ ഹുസൈനും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ മഷ്‌റഫീ മൊര്‍ത്താസയും തസ്‌കിന്‍ അഹമ്മദുമാണ് ഇംഗ്ലീഷ് ദുരന്തത്തിന് വേഗമേറ്റിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനു മഹ്മ്മുദുള്ളയുടെ സെഞ്ചുറിയും (103) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹിമിന്റെ അര്‍ധ സെഞ്ചുറിയുമാണ് (89) പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. തന്റെ നൂറ്റിനാലാം ഏകദിന മത്സരത്തിലായിരുന്നു മഹ്മൂദുല്ലയുടെ ആദ്യ ഏകദിന സെഞ്ച്വറി. ശ്രദ്ധയോടെ ഉത്തരവാദിത്വബോധമുള്ള ഇന്നിംഗ്‌സായിരുന്നു മഹ്മൂദുല്ല കാഴ്ചവെച്ചത്.
എട്ടു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ബംഗ്ലാദേശിനെ മുഹമ്മദുള്ള മധ്യനിരയെ കൂട്ടുപിടിച്ചു കരകയറ്റുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍-മഹ്മുദുള്ള സഖ്യം മൂന്നാം വിക്കറ്റില്‍ 86 റണ്‍സ് സ്‌കോര്‍ ചെയ്തു. 40 റണ്‍സ് നേടിയ സൗമ്യയെയും പിന്നാലെ വന്ന ഷക്കിബ് അല്‍ ഹസനെയും (2) പെട്ടെന്നു നഷ്ടമായ ബംഗ്ലാദേശ് 99/4ന് അപകടം മണത്തു. ആറാമനായി മുഷ്ഫിഖുര്‍ റഹീം മഹ്മുദുള്ളയ്‌ക്കൊപ്പം എത്തിയതോടെ കഥ മാറി.
77 പന്തില്‍ 89 റണ്‍സ് നേടിയ റഹീം എട്ടു ഫോറും ഒരു സിക്‌സും നേടി. 138 പന്തില്‍ ഏഴു ഫോറും രണ്ട്ു സിക്‌സും ഉള്‍പ്പെടെയാണു മഹ്മുദുള്ള കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.