യാദവിനെയും ഭൂഷണെയും പുറത്താക്കാന്‍ ശ്രമിച്ചവര്‍ എന്നെ ലക്ഷ്യമിടുന്നു: മായങ്ക് ഗാന്ധി

Posted on: March 8, 2015 10:24 am | Last updated: March 8, 2015 at 10:24 am
SHARE

mayankന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതികരിച്ച തന്നെ ഒരു സംഘം നേതാക്കള്‍ ലക്ഷ്യം വെക്കുന്നുവെന്ന് എ എ പി നേതാവ് മായങ്ക് ഗാന്ധി ആരോപിച്ചു. പാര്‍ട്ടിയുടെ നയരൂപവത്കരണം നടത്തുന്ന ഒരു ചെറു സംഘം നേതാക്കള്‍ തനിക്കെതിരെ പടകൂട്ടുകയാണെന്നും ഇത് തുടര്‍ന്നാല്‍ പാര്‍ട്ടി വിടേണ്ടി വരുമെന്നും ഗാന്ധി പറഞ്ഞു. തന്നെ പാര്‍ട്ടി വിരുദ്ധനും കെജ്‌രിവാള്‍ വിരുദ്ധനും ആയി ചിത്രീകരിക്കാന്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ്. യാദവിനെയും ഭൂഷണെയും ഇതേ രീതിയില്‍ മാനം കെടുത്താന്‍ ഈ സംഘം ശ്രമിച്ചു. അവര്‍ പക്ഷേ, തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിക്ക് വഴങ്ങിയില്ല.
ഡല്‍ഹിയിലെ ഈ സംഘത്തിന്റെ വഴിവിട്ട പ്രവര്‍ത്തനത്തിന് പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരും. തന്നെ പല കൂടിയാലോചനകളില്‍ നിന്നും അകറ്റിത്തുടങ്ങിയിരിക്കുന്നു. ആശിഷ് ഖേതാനാണ് തനിക്കെതിരെ ആക്രമണം തുടങ്ങിവെച്ചതെന്നും മായാങ്ക് ഗാന്ധി ബ്ലോഗില്‍ കുറിച്ച ലേഖനത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാനോ വ്യക്തിപരമായി ശ്രദ്ധയാകര്‍ഷിക്കാനോ അല്ല താന്‍ ശ്രമിച്ചത്. മറിച്ച് പാര്‍ട്ടിയില്‍ കൂടുതല്‍ സുതാര്യതയും ജനാധിപത്യവും ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബുധനാഴ്ച നടന്ന ദേശീയ നിര്‍വാഹക സമിതിയിലെ വോട്ടെടുപ്പില്‍ നിന്ന് മായങ്ക് ഗാന്ധി വിട്ടു നിന്നിരുന്നു.
അതേസമയം, എ എ പിയിലെ തര്‍ക്കം രൂക്ഷമായി തുടരുമെന്ന സൂചന നല്‍കി മറുപടിയുമായി ആശിഷ് ഖേതാന്‍ രംഗത്തെത്തി. ചിലര്‍ ബ്ലോഗെഴുതിയും അഭിമുഖങ്ങള്‍ നല്‍കിയും സമയം കൊല്ലുമ്പോള്‍ മറ്റു ചിലര്‍ ഡല്‍ഹിയുടെ വികസനത്തിനും പാര്‍ട്ടിയുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഭിമുഖങ്ങള്‍ നല്‍കാനും ബ്ലോഗെഴുതാനും സമയം കണ്ടെത്തുന്നവരല്ല ഡല്‍ഹിയില്‍ ചരിത്രമെഴുതിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതിനിടെ, മംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാനിടയില്ലെന്ന് മഹാരാഷ്ട്രയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്‌സരിച്ച് തോറ്റ എ എ പി നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ചില നേതാക്കളെ പാര്‍ട്ടി നേതൃത്വത്തിന് വിശ്വാസമില്ലെന്നും പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പരസ്യമായി തന്നെ വിമര്‍ശിച്ച യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഭീഷണി മുഴക്കിയതായി നേരത്തേ മായങ്ക് ഗാന്ധി ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് മായങ്ക് ഗാന്ധി.