Connect with us

Kerala

കൊക്കെയ്ന്‍ കേസ്: നൈജീരിയന്‍ സ്വദേശിക്കെതിരെ മഹാരാഷ്ട്രയിലും കേസ്

Published

|

Last Updated

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി കോളിന്‍സ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് സൂചന. പൂനെയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ആന്റി നാര്‍ക്കോട്ടിക് സെല്‍ കേസെടുത്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇയാളുള്‍പ്പെട്ട മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഒക്കോവയെ വിശദമായ ചോദ്യം ചെയ്യലിനായി പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ഫ്രാങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒക്കോവ ചിഗോസിയെ രേഷ്മ രംഗസ്വാമിയും ബ്ലെസി സില്‍വസ്റ്ററും പരിചയപ്പെടുന്നത് ഡിസംബര്‍ അവസാനം ഗോവയിലെ ആരംബോള്‍ ബീച്ചില്‍ വെച്ചാണ്. അന്ന് ഇയാളില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയ ഇരുവരും ഫോണ്‍ നമ്പര്‍ വാങ്ങിയാണ് പിരിഞ്ഞത്. പിന്നീട് ഒരു മാസത്തിന് ശേഷം ഇയാളെ ഫോണില്‍ ബന്ധപ്പെട്ടാണ് കൊക്കെയ്ന്‍ ഇവിടേക്ക് എത്തിച്ചത്. ജനുവരി മുപ്പതിന് സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ ഒക്കോവ ചിഗോസി രേഷ്മക്കും ബ്ലെസിക്കുമൊപ്പം കടവന്ത്രയിലെ നിസാമിന്റെ ഫഌറ്റില്‍ എത്തി ഭക്ഷണം കഴിഞ്ഞാണ് മടങ്ങിയത്.
കാറില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫഌറ്റിലേക്ക് ഇവരെ എത്തിച്ച ആളുടെ മൊഴിയില്‍ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത്. കോളിന്‍സിന്റെ താമസസ്ഥലത്ത് നിന്ന് 75,000 രൂപയും പാസ്‌പോര്‍ട്ടും കണ്ടെടുത്തിട്ടുണ്ട്.
പ്രതിദിനം 25,000 രൂപക്കു മുകളില്‍ വാടക നല്‍കുന്ന വീട്ടിലായിരുന്നു ഇയാളുടെ താമസം. മയക്കുമരുന്ന് വില്‍പ്പനക്കു പുറമെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഇയാള്‍ നടത്തിയിരുന്നതായി സംശയിക്കുന്നു.

Latest