ഫണ്ട് ദുരുപയോഗം അന്വേഷിക്കാന്‍ കേന്ദ്ര സമിതി

Posted on: March 7, 2015 5:31 am | Last updated: March 6, 2015 at 11:31 pm
SHARE

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ വരിഞ്ഞു മുറുക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ടീസ്റ്റയുടെ നേതൃത്വത്തിലുള്ള സബ്‌രംഗ് ട്രസ്റ്റ്, സര്‍വശിക്ഷാ അഭിയാനു കീഴില്‍ സ്വീകരിച്ച ഫണ്ട് വഴിവിട്ട് ചെലവഴിച്ചുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് അന്വേഷണം നടത്തുക.
സര്‍വ ശിക്ഷാ അഭിയാന്‍ ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ സുപ്രീം കോടതി അഭിഭാഷകന്‍ അഭിജിത് ഭട്ടാചാര്‍ജി ആയിരിക്കും. ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ എസ് എ ബാരിയും മുതിര്‍ന്ന മാനവവിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഗയാ പ്രസാദും അംഗങ്ങളായിരിക്കും. അന്വേഷണ സംഘത്തെ നിയോഗിച്ച കാര്യം എച്ച് ആര്‍ഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിറ്റി അംഗങ്ങളായ രണ്ട് പേര്‍ പറഞ്ഞത് തങ്ങള്‍ക്ക് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ്. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് (സി എ ബി ഇ)യില്‍ നിന്ന് സെതല്‍വാദ് പുറത്താകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ പോകുകയാണ്.
ഗുല്‍ബര്‍ഗ ഇരകള്‍ക്കായി സ്മാരകം പണിയാന്‍ ശേഖരിച്ച പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവെന്ന കേസ് നേരിടുകയാണ് ടീസ്റ്റയും ഭര്‍ത്താവും. ഈ കേസില്‍ ഇരുവര്‍ക്കും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്.