കൊടുവള്ളിയില്‍ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കും

Posted on: March 6, 2015 9:51 am | Last updated: March 6, 2015 at 9:51 am
SHARE

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്‌റാഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാല് കോടി രൂപ ചെലവഴിച്ച് കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്കുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ പാവപ്പെട്ട അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായമാണ് നല്‍കുന്നത്. എസ് സി വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും വീടിന് ധനസഹായം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 16 വരെ അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
അപേക്ഷാ ഫോറങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷക്കൊപ്പം ആധാരത്തിന്റെ കോപ്പി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് കോപ്പി എന്നിവ സമര്‍പ്പിക്കണം. നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കാനും നടപടിയായതായും അവര്‍ അറിയിച്ചു. പൂക്കോട്ടില്‍ ഗോപാലന്‍, എ പി മജീദ്, പി സി അഹ്മദ് ഹാജി, കെ കെ എ ഖാദര്‍, കെ പി ഷരീഫ, പി ബഷീര്‍, സി ജമീല സംബന്ധിച്ചു.