മഹാരാഷ്ട്രയില്‍ മുസ്‌ലിംകള്‍ക്കുള്ള സംവരണം റദ്ദാക്കി

Posted on: March 5, 2015 11:10 am | Last updated: March 6, 2015 at 9:18 am
SHARE

fadnavis-ptiമുംബൈ: മഹാരാഷ്ട്രയില്‍ മുസ്‌ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തിയ സംവരണം ബി ജെ പി- ശിവസേന സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ബോംബെ ഹൈക്കോടതി വിധി
മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം. കോണ്‍ഗ്രസ്- എന്‍ സി പി സര്‍ക്കാറാണ് സ്‌കൂളുകളിലും കോളജുകളിലും കൂടാതെ സര്‍ക്കാര്‍ ജോലികളിലും പതിനാറ് ശതമാനം മറാത്താ സംവരണവും അഞ്ച് ശതമാനം മുസ്‌ലിം സംവരണവും അനുവദിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2014 ജൂലൈയിലാണ് സംവരണം നടപ്പാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. അമ്പത് മുസ്‌ലിം വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക പിന്നാക്ക വിഭാഗം രൂപവത്കരിക്കുകയും ചെയ്തിരുന്നു. സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ മറാത്താ സംവരണം ഒഴിവാക്കിയും വിദ്യാഭ്യാസ മേഖലയിലെ മുസ്‌ലിം സംവരണം നിലനിര്‍ത്തിയും ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഡിസംബറില്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിച്ചിട്ടും അത് നിയമമാക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സ് കാലഹരണപ്പെട്ടതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സംവരണം റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വിഭാഗം കൊണ്ടുവന്ന സര്‍ക്കാര്‍ പ്രമേയത്തിലാണ് മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഒഴിവാക്കിയത്. എന്നാല്‍, സംവരണത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും പ്രവേശിച്ചവരെ നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മതപരമായ സംവരണത്തിന് എതിരാണെന്ന് ഫട്‌നാവിസ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം സമുദായങ്ങളുടെ എല്ലാ രംഗത്തുമുള്ള വികസനത്തെയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പ്രഖ്യാപിച്ച ഫട്‌നാവിസ്, ജാതി സംവരണം പ്രത്യേക സമുദായത്തിലെ ചില വിഭാഗങ്ങളില്‍ മാത്രമൊതുങ്ങുമെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍ എസ് എസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ സി പി വക്താവ് നവാബ് മാലിക് ആരോപിച്ചു. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയില്‍ എണ്‍പത്തിയഞ്ച് ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. പോലീസ് സേനയില്‍ രണ്ട് ശതമാനവും സര്‍ക്കാര്‍ ജോലികളില്‍ മൂന്ന് ശതമാനത്തില്‍ താഴെയുമാണ് മുസ്‌ലിം പ്രാതിനിധ്യം. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ മുസ്‌ലിംകള്‍ക്ക് എട്ട് ശതമാനം സംവരണം നടപ്പാക്കണമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച മെഹ്മൂദുര്‍ റഹ്മാന്‍ സമിതി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 18.8 ശതമാനമാണ് മുസ്‌ലിംകള്‍.