സമാധാനത്തിനായി ശബ്ദിച്ച നയതന്ത്ര വിദഗ്ധന്‍

Posted on: March 5, 2015 5:55 am | Last updated: March 4, 2015 at 9:27 pm
SHARE

200px-Prof_Ninan_koshyഅന്തര്‍ദേശീയ രംഗത്ത് സമാധാനത്തിനായി യത്‌നിച്ച നയതന്ത്ര വിദഗ്ധനായിരുന്നു ഇന്നലെ അന്തരിച്ച പ്രൊഫ. നൈനാന്‍ കോശി. വൈദേശിക രംഗത്തെ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തി നിലപാട് സ്വീകരിക്കുന്നതില്‍ നൈനാന്‍ കോശി എന്നും തന്റേതായ മിടുക്ക് കാണിച്ചിരുന്നു. പ്രായത്തിന്റെ അവശതകള്‍ മറന്നും പൊതുരംഗത്ത് അവസാന നാളുകളില്‍ വരെ സജീവമായി. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച സെമിനാറില്‍ ആവേശത്തോടെയാണ് നൈനാന്‍ കോശി പങ്കെടുത്തത്. സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന കോശി ആണവായുധങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രചാരണം സംഘടിപ്പിച്ചു.
അണുവായുധത്തിനെതിരെ ആംസ്റ്റര്‍ഡാമില്‍ നൈനാന്‍ കോശിയും മറ്റും നേതൃത്വം കൊടുത്ത പൊതുവേദി അദ്ദേഹത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ജനകീയസംഘങ്ങളും പങ്കെടുത്ത ആ പൊതുവേദിയുടെ റിപ്പോര്‍ട്ട് സമാഹരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. നൈനാന്‍ കോശിയും പോള്‍ അബ്രക്ടും ചേര്‍ന്ന് എഡിറ്റ് ചെയ്ത ‘ബിഫോര്‍ ഇറ്റ് ഈസ് ടു ലേറ്റ്’ എന്ന പുസ്തകം നിരായുധീകരണ പ്രവര്‍ത്തകര്‍ക്ക് ആധികാരികമായ മാര്‍ഗരേഖയാണ്. ഇതിന് പറുമെ അരഡസന്‍ ഗ്രന്ഥങ്ങളും ഒട്ടേറെ പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലും ഫലസ്തീനിലുമുളള വിമോചനപ്രസ്ഥാനങ്ങളെ സാര്‍വദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയുമായി ബന്ധപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭയില്‍ നൈനാന്‍ കോശി ശ്രദ്ധിച്ചിരുന്നു. ഡബ്ല്യൂ സി സിക്ക് ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവി ലഭിച്ചത് ഉപയോഗപ്പെടുത്തിയാണ് ഇത് സാധിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിലെ തിരഞ്ഞടുപ്പുകാലത്ത് യു എന്‍ നിരീക്ഷക സംഘത്തില്‍ അംഗമായും പ്രവര്‍ത്തിച്ചു.
1968 മുതല്‍ 73 വരെ ഇന്ത്യയിലെ െ്രെകസ്തവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (എസ് സി എം) ജനറല്‍ സെക്രട്ടറിയായിരുന്നു. സാമുദായിക ഘടനകളില്‍ നിന്ന് മതേതരത്വത്തിന്റേയും ദേശിയതയുടേയും സാര്‍വദേശിയതയുടേയും മാനങ്ങള്‍ നല്‍കി എസ് സിഎമ്മിനെ ജനകീയ പോരാട്ടങ്ങളുമായി ബന്ധിപ്പിക്കാനും അതിനു പുതിയ ദിശാബോധം നല്‍കാനും നൈനാന്‍ കോശിക്കു കഴിഞ്ഞു. എസ് സി എമ്മിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ 1973-74ല്‍ നൈനാന്‍ കോശിയെ ബെംഗളുരുവിലെ പ്രസിദ്ധമായ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിന്റെ അസോസിയേറ്റഡ് ഡയറക്ടറായി നിയമിച്ചു. 1981 മുതല്‍ 91 വരെ ലോക െ്രെകസ്തവ കൗണ്‍സിലിന്റെ (ഡബ്ല്യൂ സി സി) രാജ്യാന്തരവിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1991 ല്‍ ജനീവയില്‍ നിന്നു വിരമിച്ച അദ്ദേഹം ഒരു വര്‍ഷം ഹാര്‍വാര്‍ഡിലെ ലോ സ്‌കൂളില്‍ വിസിറ്റിങ് ഫെലോയായി. ബാംഗ്ലുരിലെ നാഷണല്‍ ലോ സ്‌കൂളില്‍ മനൂഷ്യാവകാശങ്ങളെക്കുറിച്ച് ക്ലാസെടുത്തിട്ടുണ്ട്.
കേരളത്തില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ എ കെ പി സി ടി എയുടെ സജീവപ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ വിവിധ ജനകീയ സംഘങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു. ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. കേരളത്തിലെയും വിദേശത്തെയും തന്ത്രപ്രധാന പദവികള്‍ വഹിക്കുന്ന വന്‍ ശിഷ്യഗണത്തിന് ഉടമ കൂടിയാണ് പ്രൊഫ. നൈനാന്‍ കോശി. ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ഇറാഖിനു മേല്‍ യാങ്കി കഴുകന്‍, ആണവഭാരതം; വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ചോംസ്‌കി: നൂറ്റാണ്ടിന്റെ മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങി ഇരുപതോളം കൃതികള്‍ പ്രസിദ്ധമാണ്. 1934 ഫെബ്രുവരി ഒന്നിന് തിരുവല്ലയിലാണ് നൈനാന്‍ കോശിയുടെ ജനനം. മുണ്ടിയപ്പളളി സി എം എസ്, കുന്നന്താനം, എന്‍ എസ് എസ്, കവിയൂര്‍ എന്‍ എസ് എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ചങ്ങനാശ്ശേരി എസ് ബി, കോട്ടയം സി എം എസ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും നേടി. പഠിച്ച രണ്ട് കോളജുകളിലും തിരുവല്ല മര്‍ത്തോമാ കോളേജിലും അധ്യാപകനായി. 1964 മുതല്‍ 68 വരെ മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ പ്രൊഫസറായും വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.