മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരായ പീഡനക്കേസ്; സുപ്രീം കോടതി അന്വേഷണ സമിതിയെ നിയമിച്ചു

Posted on: March 4, 2015 5:09 am | Last updated: March 4, 2015 at 12:09 am
SHARE

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരായ ലൈംഗികാരോപണ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അഞ്ചംഗ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയമിച്ചു. ഒരു വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ നടന്ന പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ജുഡീഷ്യല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയുമാണ് കമ്മിറ്റിയിലുള്ളത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് കമ്മിറ്റി സമഗ്രാന്വേഷണം നടത്തും.
ആരോപണവിധേയനായ ജഡ്ജിക്ക് പറയാനുള്ളത് കമ്മിറ്റി കേള്‍ക്കും. സാധാരണ ജുഡീഷ്യല്‍ അന്വേഷണം പോലെ സാക്ഷികളുടെ വിസ്താരവും മറ്റും ഈ അന്വേഷണത്തില്‍ നടക്കില്ല. കമ്മിറ്റിക്ക് അതിന്റെതായ ചില രീതികള്‍ ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി രജിസ്ട്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പ്രതിഭാഗത്തുള്ള ഹൈക്കോടതി ജഡ്ജി സ്ഥാനമൊഴിയാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിടും. രാജിവെക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണെങ്കില്‍, ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. ഇതോടൊപ്പം, ജഡ്ജിനെ പുറത്താക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതും- നടപടിക്രമങ്ങള്‍ രജിസ്ട്രിവൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തിലാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ തന്നോട് ഐറ്റം ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ച തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. സംഭവം അന്വേഷിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കമ്മിറ്റി രൂപവത്കരിച്ചിരുന്നെങ്കിലും പരാതിക്കാരിയായ ഉദ്യോഗസ്ഥ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.