Connect with us

Gulf

അമേരിക്കക്കാരിയെ മാളില്‍ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഭീകര സംഘടനയുമായി ബന്ധമെന്ന് സംശയം

Published

|

Last Updated

അബുദാബി: അമേരിക്കക്കാരിയായ അധ്യാപികയെ ഷോപ്പിംഗ് മാളില്‍ കൊലപ്പെടുത്തിയ കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി. പ്രതിക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കുന്നതായി ഫെഡറല്‍ അറ്റോര്‍ണി ജനറല്‍ സഈദ് ഖുബൈഷ് പറഞ്ഞു. റീം ഐലന്റിലെ മാളിലായിരുന്നു പട്ടാപകല്‍ അധ്യാപികയായ അമേരിക്കന്‍ വീട്ടമ്മ ഇബോളിയ റയാന്‍ കുത്തേറ്റു മരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു രാജ്യത്തെ നടുക്കിയ കൊല അരങ്ങേറിയത്. അബായയും നിക്കാബും ധിരിച്ചെത്തിയായിരുന്നു പ്രതി കൊല നടത്തി മടങ്ങിയത്. ഭീകര സംഘടനയെ സാമ്പത്തികമായി സഹായിക്കുന്ന സ്ത്രീയാണ് കൊല നടത്തിയതെന്നും സംഘടനക്കായാണ് ഇതെന്നും ഫെഡറല്‍ അറ്റോര്‍ണി ജനറല്‍ സലീം സഈദ് ഖുബൈഷ് വെളിപ്പെടുത്തി. കൊല നടത്തിയത് അറബ് വനിതയാണെന്നും ഇവര്‍ പതിവായി ഒസാമ ബിന്‍ ലാദന്റെയും അബു മുസാബ് അല്‍ സര്‍ഖാവിയുടെയും ഓഡിയോ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ഈ ഗ്രൂപ്പുകള്‍ നടത്തിയ കൊപാതകങ്ങളുടെ വീഡിയോ കാണുകയും ചെയ്തിരുന്നു.
വിശുദ്ധ യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത്. ഇവര്‍ക്ക് അല്‍ ഖാഇദ, ദാഇഷ് തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും തീവ്രവാദ സംഘങ്ങളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ സജീവമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും ഖുബൈഷ്് പറഞ്ഞു. അബുദാബി പോലീസിന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടന്നത്. മാളിലെ വൈറ്റ് റോസ് സൂപ്പര്‍മാര്‍ക്കറ്റിലെ ശൗചാലയത്തിനു സമീപത്ത് വെച്ചാണ് വീട്ടമ്മക്ക് കുത്തേറ്റത്. കുത്തേല്‍ക്കുന്നതിന് മുമ്പ് വാഗ്വാദം നടന്നിരുന്നതായും വാര്‍ത്ത വന്നിരുന്നു. കുത്തേറ്റു വീണ വീട്ടമ്മയെ ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തിനു മുമ്പും പിമ്പുമുള്ള വീഡിയോ ദൃശ്യങ്ങള്‍ പോലീസ് സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു. പര്‍ദയും കൈയുറയും ധരിച്ച, മുഖം മറച്ച ഒരാളുടെ ദൃശ്യമായിരുന്നു പോലീസ് അന്ന് പുറത്തുവിട്ടത്. രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ കൊലപാതകമെന്ന പ്രത്യേകതയും കേസിനുണ്ട്. അതിനാല്‍ തന്നെ അതീവ ജാഗ്രതയോടെയായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

Latest