Connect with us

Malappuram

വെള്ളമില്ലാത്ത കാട്ടുചോലയോട് ചേര്‍ന്ന തോടിന് 60 ലക്ഷം രൂപയുടെ ചെക്ക്ഡാമുകള്‍

Published

|

Last Updated

കാളികാവ്: ചേനപ്പാടി മലവാരത്തില്‍ നിന്നുള്ള വരണ്ടുണങ്ങിത്തുടങ്ങിയ തോടുകള്‍ക്ക് 60 ലക്ഷം രൂപയുടെ ചെക്ക്ഡാമുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതായി ആരോപണം. ചോക്കാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് തട്ടിപ്പ് നടന്നതെന്ന് ആരോപിക്കുന്ന രണ്ട് ചെക്ക്ഡാമുകളും ഉണ്ടാക്കിയിരിക്കുന്നത്. സ്രാമ്പിക്കല്ല് ചക്കിക്കുഴി പ്രദേശത്താണ് ഫെബ്രുവരി അവസാനത്തോടെ വരണ്ടുണങ്ങാറുള്ള തോടിന് കുറുകെ ചെക്ക്ഡാമുകള്‍ നിര്‍മിച്ചിരിക്കുന്നത്.
വേനല്‍കാലത്ത് ജലക്ഷാമം പരിഹരിക്കാന്‍ ഹാഡ ഏജന്‍സിവഴി ബ്ലോക്ക് പഞ്ചായത്ത് അധികൃതരാണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഹാഡ പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്തുന്നത്. ഒരു വാര്‍ഡില്‍ മാത്രം രണ്ട് ചെക്ക്ഡാമിനും കുടി 60 ലക്ഷം വെള്ളത്തിലായിരിക്കുകയാണ്. മഴക്കാലത്ത് മാത്രം വെള്ളം ഉണ്ടാകാറുള്ള തോടുകളില്‍ വേനല്‍കാലത്ത് വെള്ളം സംഭരിച്ച് ജലക്ഷാമം പരിഹരിക്കാനെന്ന പേരിലാണ് ചെക്ക് ഡാമുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ചക്കിക്കുഴിയില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് തോടുകളിലും വെള്ളം വറ്റിയിട്ടുണ്ട്. കരിങ്കുറതോടിന് നിലവിലുണ്ടായിരുന്ന ചെക്ക്ഡാമിന് നൂറ് മീറ്ററിന് അടുത്താണ് ഇപ്പോള്‍ പുതിയതായി ഉണ്ടാക്കിയ ചെക്ക്ഡാം. രണ്ട് പദ്ധതികള്‍ക്കും കൂടി പത്ത് ലക്ഷം രൂപയില്‍ താഴെമാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രി എ പി അനില്‍കുമാറാണ് രണ്ട് പദ്ധതികളും ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി അവസാനത്തോടെ വറ്റിപ്പോകുന്ന തോടുകള്‍ക്ക് ചെക്ക്ഡാം നിര്‍മിക്കാന്‍ സാങ്കേതിക അനുമതിയും ഭരാണാനുമതിയും നല്‍കിയ അധികൃതരും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നിര്‍മാണ ഘട്ടത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അധികൃതര്‍ പണം തട്ടിപ്പ് നടത്താന്‍ വേണ്ടി വിവാദങ്ങള്‍ മുഖവിലക്കെടുത്തിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.