Connect with us

Gulf

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ പൊടിക്കാറ്റ്

Published

|

Last Updated

അല്‍ ഐന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കേ പൊടിക്കാറ്റുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെയാണ് പ്രധാന നഗരങ്ങളിലെല്ലാം പൊടിക്കാറ്റുണ്ടായത്. ദുബൈയില്‍ അതിശക്തമായ പൊടിക്കാറ്റാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. വെള്ളിയാഴ്ച അവധി ആഘോഷിക്കാന്‍ പുറത്തിറങ്ങിയവര്‍ പൊടിക്കാറ്റില്‍ ഏറെ വലഞ്ഞു. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പൊതുവില്‍ മിക്ക എമിറേറ്റുകളിലും അനുഭവപ്പെട്ടത്. ഉച്ചയായതോടെ ശക്തമായ തോതില്‍ പൊടിക്കാറ്റ് വീശാന്‍ തുടങ്ങി. ഇത് ജനജീവതത്തെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിക്കുന്ന സ്ഥിതിയാണുണ്ടാക്കിയത്. മിക്ക റോഡുകളിലും ദൂരക്കാഴ് നന്നേ കുറവായിരുന്നു. ഇന്നലെ രാവിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 16.6 ജബല്‍ ജെയ്‌സ് പര്‍വതത്തല്‍ രേഖപ്പെടുത്തി. അല്‍ മക്തൂം വിമാനത്താവളത്തില്‍ 700 മീറ്ററിന് താഴെയായിരുന്നു ഇന്നലെ ഉച്ചക്കത്തെ ദൂരക്കാഴ്ച.
റോഡില്‍ വാഹങ്ങള്‍ കുറവായിരുന്നതിനാല്‍ കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ കാല്‍നട യാത്രക്കാരും ശക്തമായ പൊടിക്കാറ്റില്‍ എന്ത്‌ചെയ്യണമെന്നറിയാതെ വലഞ്ഞു. പലര്‍ക്കും പൊടിമൂലം കണ്ണു തുറക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഉച്ചക്ക് ജുമുഅ നിസ്‌കാരത്തിനായി ഇറങ്ങിയ തൊഴിലാളികള്‍ ഉള്‍പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് മസ്ജിദുകളില്‍ എത്തിയത്. ഇന്നും നാളെയും കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ആകാശം മേഘാവൃതമാവുമെന്നതിനാല്‍ മിക്കയിടത്തും മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുക. ഇരുളും പൊടിക്കാറ്റും റോഡുകളില്‍ ദൂരക്കാഴ്ച നന്നേ കുറയാന്‍ ഇടയാക്കുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യാന്‍ ഇടയുണ്ട്.
തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലയിലുമാണ് മേഘങ്ങളുടെ സാന്നിധ്യം കൂടുതല്‍ അനുഭവപ്പെടുന്നത്. ഇവിടങ്ങളിലാവും മഴക്കും സാധ്യത. കടല്‍ പ്രക്ഷുബ്ധമാവുമെന്നതിനാല്‍ വിനോദസഞ്ചാരികളും മത്സ്യബന്ധനത്തിനായി പുറപ്പെടുന്നവരുമെല്ലാം കടലില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ഥിച്ചു.