Connect with us

International

അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് നീക്കം ശക്തമാക്കാന്‍ അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അറബ്, ഇസ്‌ലാമിക രാജ്യങ്ങളുമായി ചേര്‍ന്ന് വന്‍ നീക്കത്തിന് അമേരിക്ക. ഇതിന്റെ ഭാഗമായി ഇസിലിനെതിരെ പോരാടുന്ന സിറിയന്‍ വിമതര്‍ക്ക് സൈനിക പരിശീലനം നല്‍കാനും അവരെ ആയുധമണിയിക്കാനും തുര്‍ക്കിയുമായി യു എസ് കരാര്‍ ഒപ്പ് വെച്ചു. കഴിഞ്ഞ ദിവസം തയ്യാറാക്കിയ കരാറനുസരിച്ച് അമേരിക്കന്‍ പരിശീലകര്‍ക്ക് സമാനമായി തുര്‍ക്കിയും സൈനിക പരിശീലകരെ ലഭ്യമാക്കുമെന്ന് യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ പ്രമുഖമായ നാല് നഗരങ്ങളിലൊന്ന് പരിശീലനത്തിനായി തുര്‍ക്കി വിട്ടുകൊടുക്കും. ജോര്‍ദാനിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആ രാജ്യവുമായുള്ള കരാര്‍ ഉടനെയുണ്ടാകുമെന്നും സഊദി, ഖത്തര്‍ രാജ്യങ്ങളില്‍ വെച്ച് സിറിയന്‍ വിമതര്‍ക്ക് പരിശീലനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്നും ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ട ആസുത്രണത്തിനൊടുവിലാണ് ഇസിലിനെതിരെ ഇത്തരമൊരു നീക്കത്തിന് ഗതിവേഗം കൂടുന്നത്.
വിദഗ്ധ പരിശീലനത്തിന് തങ്ങള്‍ 1200 സിറിയന്‍ വിമതരെ തിരഞ്ഞെടുത്തതായി പെന്റഗണ്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ യു എസ് സ്ഥാനപതിയും തുര്‍ക്കി വിദേശ കാര്യ അണ്ടര്‍ സെക്രട്ടറിയുമാണ് ഉഭയകക്ഷി കരാറില്‍ ഒപ്പ് വെച്ചതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങള്‍ ആവശ്യപ്പെട്ട മിതമായ സുരക്ഷാ സംവിധാനങ്ങള്‍ തുര്‍ക്കി ലഭ്യമാക്കുമെന്നും ആ രാജ്യം ഇപ്പോള്‍ തന്നെ ദൗത്യം തുടങ്ങിയിട്ടുണ്ടെന്നും യു എസ് സൈന്യത്തിലെ സെന്‍ട്രല്‍ കമാന്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. സൈനിക പരിശീലനത്തിന് നല്‍കാന്‍ ജോര്‍ദാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പുതിയതും ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യവുമാണെന്നും യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.