Connect with us

Palakkad

അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ കൂട്ടതോല്‍വി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷയുടെ ഫലമെത്തിയപ്പോള്‍ കൂട്ടതോല്‍വി.
നവീന കോഴ്‌സായ ബി എ പബ്ലിക്ക് അഡിമിനിസ്‌ട്രേഷന്‍ വിഷയമായി തിരഞ്ഞെടുത്തവരാണ് ഇതോടെ വെട്ടിലായത്. സബ്‌സിഡിയറി വിഷയമായ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ തിയറി പേപ്പറിലാണ് കൂട്ടതോല്‍വി. നാലാം സെമസ്റ്റര്‍ തിയറി പരീക്ഷ എഴുതിയ 33 പേരില്‍ ഒരു പെണ്‍കുട്ടിമാത്രമാണ് പാസായത്.
മറ്റു വിഷയങ്ങള്‍ക്ക് മികച്ച മാര്‍ക്ക് ലഭിച്ചവരും പരാജയപ്പെട്ടിട്ടുണ്ട്. ആദ്യം സബ്‌സിഡയറി വിഷയമായി കംപ്യൂട്ടര്‍ സയന്‍സാണ് കോളജിലേക്ക് അനുവദിച്ചിരുന്നത്.
ആര്‍ട്‌സ് ബിരുദകാര്‍ക്ക് സയന്‍സ് വിഷയമെടുക്കുന്നതിലെ വൈജാത്യം ചൂണ്ടിക്കാട്ടിയതോടെ കോളജിലേക്ക് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഷയമായി അനുവദിക്കുകയായിരുന്നു. ഇതുസംബന്ധിച്ച രേഖ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കോളജ് മെയിലിലേക്ക് അയച്ചിരുന്നെങ്കിലും യൂനിവേഴ്‌സിറ്റി അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്.
ഇന്നലെ കൂട്ടതോല്‍വി അന്വേഷിക്കാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെത്തിയ വിദ്യാര്‍ഥികളോട് സബ്‌സിഡയറി വിഷയം മാറ്റിയത് സംബന്ധിച്ച് രേഖകളില്ലെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കിയത്.
സയന്‍സ് വിഷയമായതിനാല്‍ പ്രാക്റ്റിക്കല്‍ പരീക്ഷയില്‍കൂടി പങ്കെടുത്തെങ്കില്‍ മാത്രമേ വിജയിക്കൂ എന്ന വിശദീകരണവും നല്‍കി. അതേസമയം ഒരു കുട്ടി എങ്ങിനെ വിജയിച്ചു എന്നതിന് അധികൃതര്‍ക്ക് ഉത്തരവുമില്ല. തങ്ങളുടെതല്ലാത്ത കാരണത്തിനാല്‍ ഒരു വര്‍ഷം നഷ്ടമാകുമെന്ന ഭീതിയിലാണിപ്പോള്‍ വിദ്യാര്‍ഥികള്‍.
പരീക്ഷാകണ്‍ട്രോളറെ കണ്ട് വിവരം ധരിപ്പിച്ചപ്പോള്‍ പുന പരിശോധനക്ക് അപേക്ഷിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. യൂനിവേഴ്‌സിറ്റി അധികൃതരുടെയും കോളജ് അധികൃതരുടെയും നിരുത്തരവാദിത്തംമൂലം ധനനഷ്ടം കൂടി വഹിക്കേണ്ട ഗതികേടില്ലാണ് വിദ്യാര്‍ഥികള്‍.
മുഖ്യധാര വിദ്യാര്‍ഥി സംഘടനകളൊന്നും വിഷയത്തില്‍ ഇതുവരെ ഇടപ്പെട്ടിട്ടുമില്ല.

Latest