യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Posted on: February 19, 2015 10:55 am | Last updated: February 19, 2015 at 10:55 am

പാലക്കാട്: ടൗണ്‍ റെയില്‍വേ സമീപം ദുരൂഹസഹാചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ഇക്കഴിഞ്ഞ പതിനാലിനാണ് തേന്‍കുറുശി തങ്കമണിയുടെ മകന്‍ രാജനെ(30) മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്ത നോര്‍ത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വേലൂര്‍ തിരുപ്പത്തൂര്‍ കസസംപട്ടി ശിവന്‍ എന്ന പരമശിവനെ(27) അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ആറുമണിക്ക് പാലക്കാട് സഹകരണാശുപത്രിക്ക് സമീപം വെച്ചായിരുന്നു പ്രതിയെ പിടികൂടിയത്. മരണപ്പെട്ട രാജന്‍ കെട്ടിടപണിക്കാരാനാണ്.
സ്വന്തമായി വീടില്ലാത്തതിനാല്‍ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലാണ് താമസിച്ച് വരുന്നത്. മരിച്ച രാജന്‍ 13ന് കല്ലേപ്പുള്ളി സ്വദേശി കള്ളമുത്തുമായി ജോലിക്ക് പോകുകയും വൈകീട്ട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള വിദേശ മദ്യഷോപ്പില്‍ നിന്ന് പരമശിവനുമായി പണം പങ്ക് വെച്ച് മദ്യം വാങ്ങി മദ്യപിക്കുകയും തുടര്‍ന്ന് സിനിമക്ക് പോകുകയുമായിരുന്നു.
സിനിമ കഴിഞ്ഞ രാത്രിയില്‍ എത്തിയപ്പോഴും ഇരുവരും മദ്യപിപ്പിക്കുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ രാജന്റെ കഴുത്തില്‍ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയും മൃതദേഹം വലിച്ചിഴച്ച് അടുത്ത കണ്ട മരത്തില്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് ശിവന്‍ അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തുവത്രെ. പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ലാത്ത കേസില്‍ പോലീസിന്റെ പഴുതില്ലാത്ത അന്വേഷണമാണ് പ്രതിയെകുടുക്കാന്‍ സഹായിച്ചത്.
പരിസരത്തെ കെട്ടിടതൊഴിലാളികളെയും അക്രി കച്ചവടക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ഡി വൈ എസ് പി ശശിയുടെ നിര്‍ദേശാനുസരണം ടൗണ്‍ നോര്‍ത്ത് സി ഐ ആര്‍ ഹരിപ്രസാദ്, ടൗണ്‍ സൗത്ത് സി ഐ പ്രമോദ്, നോര്‍ത്ത് എസ് ഐ എം സുജിത്, എ എസ് ഐ മാരായ ദേവദാസ്, വിജയന്‍, ഷംസുദ്ദീന്‍, ക്രൈംസക്വാഡ് അംഗങ്ങളായ എസ് ജലീല്‍, കെ എ അശോക് കുമാര്‍, സതീഷ് കുമാരന്‍, സി എസ് സാജിദ്, കെ അഹമ്മദ് കബീര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌