ഫണ്ട് ലഭിക്കുന്നില്ല; ഇംഹാന്‍സിന്റെ മാനസികാരോഗ്യ പദ്ധതി നിലക്കുന്നു

Posted on: February 18, 2015 9:57 am | Last updated: February 18, 2015 at 9:57 am

കോഴിക്കോട്: ഇംഹാന്‍സിന്റെ മാനസികാരോഗ്യ പദ്ധതി പൂര്‍ണമായും നിലച്ചുപോകുന്ന സാഹചര്യത്തില്‍ ഫണ്ട് അനുവദിച്ച് ഉടന്‍ നടപടികളെടുക്കണമെന്ന് കേരള ഇനിഷ്യേറ്റീവ് ഇന്‍ മെന്റല്‍ ഹെല്‍ത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇംഹാന്‍സിന്റെ നേതൃത്വത്തില്‍ ഏഴ് വര്‍ഷമായി നടന്നുവരുന്ന കമ്മ്യൂനിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലൂടെ നാല് ജില്ലകളിലെ മാനസികരോഗികള്‍ക്ക് മരുന്നും മറ്റ് പരിചരണവും ലഭിച്ചിരുന്നു. എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് നടന്നുവന്നിരുന്ന പദ്ധതിക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു. ഇതിലൂടെ 23,000 രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ പദ്ധതിക്കുള്ള ഫണ്ട് എന്‍ ആര്‍ എച്ച് എമ്മില്‍ നിന്ന് ലഭിക്കുന്നില്ല. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അതുപോലെ കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന മാനസികാരോഗ്യ പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തണം.
ഒരു വര്‍ഷം നാല് ജില്ലകളില്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ തുക 1.75 കോടി രൂപയാണ്. ചെലവഴിക്കാതെ കിടക്കുന്ന കോംപ്രിഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട് ഫണ്ടില്‍ നിന്ന് ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കണം. ഇംഹാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കണം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച മുഴുവന്‍ തുകയും അടിയന്തരമായി നല്‍കണമെന്നും മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എ പ്രദീപ്കുമാര്‍ എം എല്‍ എ, കെ സി രാമചന്ദ്രന്‍, കെ മധുസൂദനന്‍, വി നാരായണന്‍, പി ദാമോദരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.