Connect with us

Palakkad

നടുക്കം മാറാതെ കുലുക്കല്ലൂര്‍

Published

|

Last Updated

ചെര്‍പ്പുളശേരി: ഇടവേളക്കുശേഷം സംസ്ഥാനത്ത് സദാചാര ഗുണ്ടാ ആക്രമണം വീണ്ടും. ചെര്‍പ്പുളശേരിക്കടുത്ത് കുലുക്കല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു.
മുളയങ്കാവ് സ്വദേശി പ്രഭാകരനെ(55)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാകരനെ പരിസരവാസിയായ ഒരു സ്ത്രീയോടൊപ്പം കണ്ടത് ഇന്നലെ ചിലര്‍ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷവും മര്‍ദനത്തില്‍ കലാശിക്കുകയും പ്രഭാകരന്‍ മരിക്കുകയുമായിരുന്നു എന്നാണ് സൂചന.
പ്രഭാകരന്റെ സ്വദേശമായ മുളയങ്കാവിന് ഒന്നര കിലോമീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. പതിനഞ്ചു പേരടങ്ങുന്ന സംഘമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഇവരില്‍ നാലു പേരെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. പ്രഭാകരന്റെ ശരീരത്തില്‍ കാര്യമായ പരുക്കുകള്‍ ഇല്ലെന്ന് പോലീസ് പറഞ്ഞു. ആന്തരികമായി ഉണ്ടായ ക്ഷതമാണ് മരണകാരണമെന്ന് സൂചനയുണ്ട്. സ്ത്രീ ഓടിപ്പോയി.
രാത്രി പത്തരയോടുകൂടിയാണ് പ്രഭാകരന്‍ മരിച്ചതെന്ന് കരുതുന്നു. പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതശരീരം കണ്ടത്. അസമയത്ത് പറമ്പില്‍ സംശയാസ്പദമായി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ഇവര്‍ വന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
പരിസരവാസികളായ യുവാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സദാചാരത്തിന്റെ പേരുപറഞ്ഞ് നിരപരാധികളെ ആക്രമിക്കുന്നത് അടുത്തയിടെയായി സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ചിലര്‍ ജീവനൊടുക്കുകയും ചെയ്തു. നിയമം കൈയിലെടുത്തുള്ള ആക്രമണങ്ങള്‍ക്കെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. കോഴിക്കോട്ട് സദാചാരത്തിന്റെ പേരില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തത് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.—
വടകര, തലശേരി, കുറ്റിയാടി, തൃശൂരിലെ കോടാലി തുടങ്ങിയവിടങ്ങളില്‍ സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ അരങ്ങേറി. പൊതുസ്ഥലങ്ങളില്‍ ദമ്പതിമാര്‍ക്കുപോലും ഒരുമിച്ചു യാത്രചെയ്യാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിലേക്കാണ് സദാചാര ഗുണ്ടായിസം എത്തിയത്.
ഗുണ്ടായിസത്തിനെതിരേയുള്ള സമരം തെരുവിലേക്കെത്തിയ സാഹചര്യത്തിലാണ് ചെര്‍പ്പുളശേരിയിലെ പുതിയ സംഭവം. സദാചാര ഗുണ്ടാ ആക്രമണം പലത് നടന്നിട്ടുണ്ടെങ്കിലും പാലക്കാട് ജില്ലയില്‍ മരണം നടക്കുന്നത് ഇതാദ്യമാണ്.