സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം

Posted on: February 17, 2015 9:51 am | Last updated: February 17, 2015 at 9:51 am

കോഴിക്കോട്: കക്കോടിക്കടുത്ത് മോരിക്കരയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ശ്രീജിത് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം. ഇന്നലെ രാവിലെ എട്ടോടെ കക്കോടിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശങ്കര നഴ്‌സറി സ്‌കൂളിന്റെ വാതില്‍ അടിച്ച് തകര്‍ത്ത് ആക്രമണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ നടത്തിവരുന്ന കക്കോടിയിലെ ശ്രീ ശങ്കരവിദ്യാമന്ദിരത്തിലെ ഓഫീസ് മുറിയും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും കമ്പ്യൂൂട്ടറുകളും തീവെച്ച് നശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് സ്‌കൂളിന് നേരെ അക്രമം നടത്തിയതെന്നാണ് ആരോപണം. വെള്ളിമാട്കുന്നില്‍ നിന്ന് എത്തിയ അഗ്‌നിശമന യൂനിറ്റാണ് തീയണച്ചത്.
ബദിരൂരില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കെട്ടിയുണ്ടാക്കിയ ഒരു ഷെഡ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചു. ബൈക്കുകളിലെത്തിയ സംഘമായിരുന്നു ഇതും അക്രമിച്ചത്. മാളിക്കടവ് പാലത്തിന് സമീപം രണ്ട് ബൈക്കുകളും അഗ്നിക്കിരയായിക്കിയിട്ടുണ്ട്. കെ എല്‍ 57ജെ 2952, കെഎല്‍ 11 എഎസ് 796 എന്നീ നമ്പറുകളിലുള്ള ബൈക്കുകളാണ് കത്തിച്ചത്. ചിലയിടങ്ങളില്‍ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സി പി എം കക്കോടി ഏരിയാ കമ്മിറ്റി ഇന്നലെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു ഉത്സവം കാണാനെത്തിയ ശ്രീജിത്തിനെ പ്രദേശവാസിയായ സന്ദീപ് അടുത്ത പറമ്പിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് അവിടെയെത്തിയ സംഘം പട്ടികയും മറ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ശ്രീജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലക്ക് കല്ലുകൊണ്ടും മരപ്പട്ടികകൊണ്ടും ഏറ്റ പ്രഹരമാണ് മരണകാരണമായതാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.