Connect with us

International

ഉക്രൈന്‍ പ്രതിസന്ധി നയതന്ത്ര നീക്കങ്ങളിലൂടെ പരിഹരിക്കാനാകും: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഉക്രൈന്‍ സൈന്യത്തിന് ആയുധം നല്‍കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണെന്നും നയതന്ത്രപരമായ നീക്കത്തിലൂടെ റഷ്യ- ഉക്രൈന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലുമൊത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. റഷ്യന്‍ വിമതര്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഉക്രൈന്‍ സൈന്യത്തിന് ആയുധം നല്‍കരുതെന്ന നിലപാടാണ് ജര്‍മനിക്കുള്ളത്. ഉക്രൈനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുക വഴി റഷ്യ കഴിഞ്ഞ സെപ്തംബറില്‍ കൈക്കൊണ്ട കരാര്‍ ലംഘിക്കുകയാണ്. റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം മരവിപ്പിക്കാമെന്ന് താനും മെര്‍ക്കലും സമ്മതിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഉപരോധം തുടരുകയാണെങ്കില്‍ റഷ്യയെ അത് കൂടുതല്‍ മോശമായി ബാധിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോയുമായും മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കീവിന് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം യു എസ് സെനറ്റും പ്രതിനിധിസഭയും ഏകപക്ഷീയമായി കഴിഞ്ഞ ഡിസംബറില്‍ പാസ്സാക്കിയിരുന്നു.
റഷ്യന്‍ ടാങ്കുകളെ പ്രതിരോധിക്കാന്‍ പുതപ്പിനോ ഭക്ഷണത്തിനോ ആകില്ലെന്ന് കഴിഞ്ഞ ആഴ്ച നടന്ന സുരക്ഷാ സമ്മേളനത്തിനിടെ റിപ്പബ്ലിക്കന്‍ അംഗം പരിഹസിച്ചിരുന്നു. ഉക്രൈനിലെ ജനങ്ങള്‍ കൊലചെയ്യപ്പെടുകയാണ്. നാം അവര്‍ക്ക് ഇപ്പോഴും നല്‍കുന്നത് പുതപ്പുകളും ഭക്ഷണവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.