ഈ വര്‍ഷാവസാനത്തോടെ ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കും

Posted on: February 9, 2015 11:18 pm | Last updated: February 9, 2015 at 11:18 pm

xi_jinping_china_president_2012_11_15ബീജിംഗ്: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു. ഉന്നത ചൈനീസ് നയതന്ത്രജ്ഞനെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. ജിന്‍പിംഗിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചൈനയിലേയും അമേരിക്കയിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി അമേരിക്കയിലെ ചൈനീസ് അംബാസഡര്‍ ക്വി ടിയാന്‍കായിയെ ഉദ്ധരിച്ച് ഔദ്യോഗിക ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സന്ദര്‍ശന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ക്വി ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു. ജിന്‍പിംഗിനേയും ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയേയും അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതായി അമേരിക്കന്‍ ദേശീയ സരക്ഷാ ഉപദേശക സൂസന്‍ റൈസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ബീജിംഗില്‍ നടന്ന എഷ്യാ പെസഫിക് സാമ്പത്തിക സഹകരണ യോഗത്തിന് ശേഷം നവംബറിലാണ് ജിന്‍പിംഗ് അവസാനമായി ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത്. സൈബര്‍ ചാരവൃത്തി ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.