Connect with us

Gulf

ഏഷ്യന്‍ ഭക്ഷ്യ-കരകൗശല മേള ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: യു എ ഇയിലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ സഹകരണത്തോടെ ഇന്ത്യന്‍ സ്ഥാനപതിയുടെ വീട്ടില്‍ സംഘടിപ്പിച്ച അഞ്ചാമത് ഏഷ്യന്‍ ഭക്ഷ്യ-കരകൗശല മേള ശ്രദ്ധേയമായി. പതിനഞ്ചോളം രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങളും കരകൗശല വസ്തുക്കളുമാണ് മേളയില്‍ ഒരുക്കിയത്. രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ നീണ്ടുനിന്ന മേളയില്‍ നൂറുകണക്കിന് പേര്‍ സന്ദര്‍ശനം നടത്തി.
വിയറ്റ്‌നാം, ഇന്ത്യ, തായ്‌ലന്റ്, സൗത്ത് കൊറിയ, ഫിലിപ്പൈന്‍സ്, കസാക്കിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ, ജപ്പാന്‍, ബ്രൂണേ, ഇറാന്‍, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമ്പതോളം സ്റ്റാളുകളാണ് ഒരുക്കിയത്.
മേള ശൈഖ അല്‍ യാസിയ ബിന്‍ത് സൈഫ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളില്‍ പരമ്പരാഗത വേഷം ധരിച്ച സ്ത്രീകളാണ് ഭക്ഷണം വില്‍പന നടത്തിയത്. ഇറാനില്‍ കൈകൊണ്ട് തയ്യാറാക്കിയ കാര്‍പ്പറ്റുകള്‍, പാക്കിസ്ഥാന്‍ സ്വദേശികളുടെ ചുരിദാര്‍, ഇന്ത്യയില്‍ കൈകൊണ്ട് തയ്യാറാക്കുന്ന കൈവളകള്‍ എന്നിവക്ക് പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ബോജ്പൂരി ചെരിപ്പുകളും ആകര്‍ഷണീയമായ വിലയിലാണ് വിറ്റഴിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളുടെ ഭക്ഷണങ്ങളുടെ രുചി അറിയുന്നതിന് മേള ഏറെ സഹായകരമായതായി രാജസ്ഥാന്‍ സ്വദേശി സലീം വ്യക്തമാക്കി. ഇന്ത്യന്‍ സ്റ്റാളില്‍ കൂടുതലും വസ്ത്രങ്ങളായിരുന്നു. ആകര്‍ഷകമായ വിലയിലാണ് ചുരിദാര്‍ വിറ്റഴിക്കപ്പെട്ടത്. മേള വര്‍ണാഭമാക്കുവാന്‍ വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുടെ പരമ്പരാഗത നൃത്തവും ഒരുക്കിയിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest