Connect with us

Articles

വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ആഭ്യന്തര ഭീകരതയുടെ ജീവിക്കുന്ന ഇരകള്‍

Published

|

Last Updated

ഡല്‍ഹിയില്‍ നടന്ന അത്യന്തം വേദനാ ജനകമായൊരു കൊലപാതക വാര്‍ത്ത വന്നത് ഒരു വര്‍ഷം മുമ്പാണ്. 2014 ജനുവരി 29ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ യുടെ മകന്‍ നിഡോ താനിയ എന്ന വിദ്യാര്‍ഥിയാണ് തലസ്ഥാന നഗരിയില്‍ അകാരണമായി ശത്രുക്കളുടെ പ്രഹരമേറ്റ് കൊലചെയ്യപ്പെട്ടത്. ബി എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ താനിയയെ യാതൊരു പ്രകോപനവും കൂടാതെ ആറംഗസംഘം ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. മതേതര ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ കൊലപാതകവും സ്ത്രീകള്‍ക്കുനേരെയുള്ള കയ്യേറ്റങ്ങളും ബാല പീഡകളും പുതിയ സംഭവങ്ങളൊന്നുമല്ല. ഒന്നരകോടിയിലധികം ജനസംഖ്യയുള്ള തലസ്ഥാന നഗരിയില്‍ അപകടകരമാംവിധം വര്‍ധിച്ചുവരുന്ന വംശീയ വിരുദ്ധതക്ക് ജീവന്‍ നല്‍കേണ്ടിവന്നു എന്നാതാണ് നിഡോ താനിയയുടെ കൊലാപതകം ശ്രദ്ധക്കപ്പെടാനുള്ള പ്രധാന കാരണം.
ഡല്‍ഹിയില്‍ സ്വദേശികളും വിദേശികളുമായി പ്രതിദിനം നഗരവും മോട്രോയും കയ്യടക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാരാണ്. ഉന്നത വിദ്യാഭ്യാസത്തിനും തുടര്‍ പഠനത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഡല്‍ഹിയിലെത്തുന്നത്. നിലവാരവും അംഗീകാരവുമുള്ള ഡല്‍ഹി യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി ഉന്നതമായൊരു ജോലി കരസ്ഥമാക്കുക എന്നത് വിദ്യാര്‍ഥികളുടെ സ്വപ്മാണ്. ഇതിനായി വകഭേദങ്ങളൊന്നുമില്ലാതെ പ്രതിവര്‍ഷം ഓരോ സര്‍വകലാശാലകളിലും എത്തുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ്. മതപരമോ വംശീയമോ ആയ ഭിന്നതയൊന്നും കൂടാതെ ഡല്‍ഹിയിലെത്തി വിവിധയിനം തൊഴില്‍ ചെയതു ജീവിക്കുന്നവരും ധാരാളമാണ്. നഗരത്തിലെ ഉന്തുവണ്ടിക്കാരന്‍ മുതല്‍ ആരംഭിക്കുന്നതാണ് ഇവരുടെ ജോലികള്‍. ആരും ആരോടും കാര്യമായൊന്നും സംസാരിക്കാതെ സ്വന്തം തൊഴില്‍ ജീവിതവുമായി ബന്ധപ്പെട്ട് നാലുപാടും കിതച്ചോടുന്ന മനുഷ്യകോലങ്ങളാണ് മെട്രോയില്‍നിന്നുള്ള കാഴ്ച. സാമൂഹികക്രമങ്ങളുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഡല്‍ഹിയില്‍ നിരന്തരമായ വിവേചനത്തിനും ക്രൂരമായ പരിഹാസത്തിനും ഇരയായികൊണ്ടിരിക്കുകയാണ് എന്‍ ഇ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍. രാജ്യത്തെ ഭരണകൂടവും ഇത്തരം വിവേചന ഭീകരതയുടെ ഭാഗമായി എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് “കുടിയേറ്റക്കാര്‍”എന്ന് അഭിസംബേധനയുള്ള ബി ജെ പിയുടെ “വിഷന്‍ ഡോക്യുമെന്റ്. വിവാദമുയര്‍ന്നപ്പോള്‍ അച്ചടിപ്പിശകാണ് എന്നൊക്കെ വ്യാഖ്യാനിച്ചത് രക്ഷയില്ലാത്തത് കൊണ്ടാണ്. കുടിയേറ്റക്കാര്‍ എന്ന പരാമര്‍ശവും അഭിസംബോധനയും പൊറുക്കാന്‍മാത്രം ലളിതമായ അപരാധമല്ലല്ലോ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ക്രൂരമായ വിവേചനമാണ് ഡല്‍ഹിയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അറ്റമില്ലാത്ത പരിഹാസവും വെറുപ്പിന്റെ മുഖവും ഇവര്‍ക്കുനേരെ തിരിച്ചുവച്ചിരിക്കുകയാണ്. അവ്യക്തമായ വിവേചനമണ് ഡല്‍ഹിയില്‍ ഒരോ അസാമുകാരന്റെയും മിസ്സോറാമുകാരന്റെയും അനുഭവം. മുഖവും ശരീര പ്രകൃതിയും വേഷവും രൂപവും വ്യത്യസ്തമായ ഇവര്‍ക്കായി ഡല്‍ഹിയുടെ തെരുവില്‍ അശ്ലീല പദങ്ങളോ അത്തരം ചേഷ്ടകളോ ഒക്കെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ തലസ്ഥാന നഗരിയില്‍ നരിടുന്ന പീഡനങ്ങളാവട്ടെ അതിഭയാനകരവും. സംഭാഷണങ്ങളില്‍ പോലും വര്‍ഗ വിവേചനവും വംശീയതയും കടന്നുവരുന്നു. ആക്ഷേപങ്ങളും കൂക്കിവിളികളും കല്ലേറും ഉന്നത സ്ഥാപനങ്ങളില്‍ ഇവര്‍ക്കെതിരെ നടക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഈ നിരപരാധികളെന്ന് ഡല്‍ഹിയുടെ പൊതുബോധം പറയാതെ പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ നല്‍കുന്ന ഡോക്യുമെന്റ്‌സുകളും രേഖകളും ഉദ്യോഗസ്ഥര്‍ക്ക് വിശേഷമായൊന്ന് പരിശോധിക്കണം. ഡല്‍ഹിയില്‍ ന്യൂന പക്ഷക്കാരായ ഹതഭാഗ്യര്‍ അവഹേളിക്കപ്പെടാന്‍ മാത്രം വന്നവരെപോലെ കഴിച്ചുകൂട്ടുകയാണ് എന്നതാണ് വസ്തുത.
–ലൈംഗികമായ കയ്യേറ്റങ്ങളും അശ്ലീലചുവയുള്ള കമന്റുകളും ഇവര്‍ക്ക് ഡല്‍ഹിവാസം കൂടുതല്‍ അലോസരമാക്കുകയാണ്. നിഡോ താനിയയുടെ കൊലപാതകം നടന്ന് ഒരാഴ്ചക്ക് ശേഷം മണിപ്പൂരില്‍ നിന്നുള്ള പതിനാല് വയസ്സുകാരിയെ വലിച്ചിഴച്ചുകൊണ്ടുപോയി നിഷ്ഠൂരമായി ബലാത്സംഗം ചെയ്തു വിജനമായ പ്രദേശത്ത് തള്ളിയത് മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അര്‍ധ രാത്രി സഹായത്തിനായി യാചിക്കുന്ന പെണ്‍കുട്ടിയെ ശ്രദ്ധയില്‍പെട്ട ഒരു കടയുടമ സ്ഥലത്തെത്തിയെങ്കിലും ഭാഷ അറിയാതെ ഇരുവരും കൈമലര്‍ത്തി. തുടര്‍ന്ന് തെരുവില്‍ പാതിനാലുകാരി ജീവനുവേണ്ടി പിടയുന്ന ദാരുണമായ കാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായ ചിലര്‍ കാണുകയും അവര്‍തന്നെ പോലീസില്‍ വിവരമറിയിച്ച് ആശുപത്രിയിലേക്ക് മാറ്റുകായുമായിരുന്നു. ഇത്തരം ഭീതിതതമായ സംഭവങ്ങളാണ് ഡല്‍ഹിയില്‍ നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
വലിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ട് കൊലപാതകങ്ങളും ലൈംഗിക കയ്യേറ്റങ്ങളും പുറം ലോകമറിയുന്നു. എന്നാല്‍ പോലീസിലോ നിയമ വകുപ്പിലോ ഫയല്‍ ചെയ്യാത്ത സംഭവങ്ങള്‍ അനവധിയാണ്. കണ്ടുമുട്ടുമ്പോള്‍ പരിഹസിച്ചും ബന്ധുക്കളെ ഇകഴ്ത്തിയും തെറിവിളിച്ചും പൊതുമധ്യത്തില്‍ പിന്നാക്കം തള്ളിയും അവഗണിക്കപ്പെടുന്നതിന്റെ വേദന ഇരകള്‍ മാത്രമാണ് അറിയുന്നത്.ഇത്തരം അസഹനീയമായ “ചെറിയ” വിവേചനം നിശബ്ദമായി കടിച്ചിറക്കുകയാണ് ഈ നിരപരാധികള്‍. സായാഹ്നത്തില്‍ ഷോപ്പിംഗിനിറങ്ങുന്നവര്‍ ദൂരെ നിന്നുള്ള ആക്ഷേപങ്ങളില്‍ മനംമടുത്തവരാണ്. എങ്ങിനെയെങ്കിലും പുകച്ച് പുറത്ത് ചാടിക്കേണ്ടവരാണെന്ന മനോഭാവത്തോടെയാണ് തലസ്ഥാന നഗരിയില്‍ ആകമാനം വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.
പരാതികളില്‍ തീരുമാനങ്ങളെടുക്കാന്‍ പോലീസ് അമാന്തം കാണിക്കുന്നു എന്ന് മാത്രമല്ല, വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ അത്തരം അക്രമങ്ങള്‍ നേരിടേണ്ടവരാണെന്ന മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും എന്നതാണ് യാഥാര്‍ഥ്യം. പ്രതിരോധിക്കാനോ ചോദിക്കാനോ ആരുമില്ലാത്ത നിരാശ്രയരാണ് ഡല്‍ഹിയില്‍ കഴിയുന്ന ഇക്കൂട്ടരെന്ന മനോഭാവം അക്രമികള്‍ക്ക് ശക്തി പകരുന്നുണ്ട്. കുടുംബവും നാടും ഇട്ടേച്ച് വിജ്ഞാന കുതുകികളായി തലസ്ഥാനത്തെത്തിയവരെ മര്‍ദിച്ചാല്‍ ആര് ചോദ്യം ചെയ്യാനാണ് എന്ന ധിക്കാരവും ധര്‍ഷ്ട്യവും ഡല്‍ഹിയില്‍ പ്രകടമാണ്. നോര്‍ത്തില്‍ നോര്‍ത്തുകാരും ഹിന്ദിക്കാരും മാത്രം മതിയെന്ന സങ്കുചിതവും വിവേകശൂന്യവുമായ ചിന്തകളുടെ പരിണിതി എത്ര ഭീകരമാണ് ?. നിഡോ താനിയയുടെ കൊലപാതകത്തിന് ശേഷം പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങാനുറച്ചവരായി മീഡിയക്കുമുമ്പിലെത്തിയത് അസംഖ്യം വിദ്യാര്‍ഥികളാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള പതിനാറ് പെണ്‍കുട്ടികളെയാണ് കാമഭ്രാന്തന്മാര്‍ കൊത്തിനുറുക്കിയത്. നൂറ്റി ഇരുപതിലധികം സ്ത്രീക്ള്‍ക്കെതിരെ അക്രമണം അഴിച്ചുവിടുകയും ചെയതു. ഔന്ന്യത്യവും സാംസ്‌കാരിക പൈതൃതകവും സ്വയം വാദിച്ചു അപരര്‍ക്കുമേല്‍ കാണിക്കുന്ന അധീശ്വത്വം തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.
അസം, അരുണാചല്‍ പ്രദേശ്, മിസ്സോറാം, നാഗാലാന്റ്, മണിപ്പൂര്‍, മേഘാലയ, ത്രിപുര, സിക്കിം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍. വിവിധ ഗോത്രങ്ങളും മതങ്ങളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന വേറിട്ട സാംസ്‌കാരിക ജീവിതമാണ് ഇവരുടേത്. സിക്കിം ഒഴികെ മൂന്നരകോടിയിലധികം വരുന്ന ഏഴ് സംസ്ഥാനങ്ങളിലെ ജനസംഖ്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് ഭൂരിപക്ഷവും. മ്യാന്‍മര്‍, ഭൂട്ടാന്‍, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളുടെ അതിര്‍ത്തികൊണ്ട് വലയം ചെയ്തിരിക്കുകയാണ് ഈ സംസ്ഥാനങ്ങളെ. കുടിയേറ്റക്കാരാണെന്ന് ആക്ഷേപിച്ചും പഴി ചാരിയും ഈ സംസ്ഥാനത്ത് നിന്നുള്ളവരെ അകറ്റി നിര്‍ത്തുന്ന വംശീയവാദം അംഗീരിക്കാവുന്നതല്ല. രാജത്തിന് പൊതുവായ ഒരു മതവും ഗോത്രവും വംശവും ഭാഷയും വേണമെന്ന വാദം എത്ര മൗഢ്യമാണ്. സാംസ്‌കാരികവും വൈവവിധ്യവുമാര്‍ന്ന രാജ്യത്തിന്റെ യശസ്സുയര്‍ത്തിപ്പിടക്കുന്നതിന് പകരം ഡല്‍ഹി കുറ്റകാരമായ വര്‍ഗീയമോ വംശീയമോ ആയ കിരാതങ്ങളാണ് ഈ ഏഴു സംസ്ഥാനക്കാരോടും ഒന്നിനുപിറകെ ഒന്നായി ചെയ്തുകൊണ്ടിരിക്കുന്ന്ത്. സാമുദായിക കലാപങ്ങള്‍കൊണ്ട് അശാന്തമായ അസം പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നാടും നഗരവും വിട്ടെറിഞ്ഞ് ജോലിയാവശ്യാര്‍ത്ഥം തലസ്ഥാന നഗരിയില്‍ എത്തുമ്പോള്‍ കാത്തിരിക്കുന്നതാകട്ടെ സമാനതകളില്ലാത്ത പരിഹാസവും വിദ്വേഷം നിറഞ്ഞ പ്രതികരണങ്ങളും.
നിഡോ താനിയയുട ദാരുണമായ കൊലപാതകത്തിന് ശേഷം ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ജെ എന്‍ യു പോലെയുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഡല്‍ഹിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അരുണാചല്‍ പ്രദേശില്‍ നിന്നുള്ള പ്രദേശിക പാര്‍ട്ടികളും നടത്തിയ ബഹുമുഖ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര ഭരണകൂടം ബെസ്ബാറുഹിന്റെ നേതൃത്വത്തില്‍ അഞ്ചംഗം സമിതിയെ ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ പരിതാവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചു. സാധ്യമായ വഴികളെല്ലാം തേടിയിരുന്നു കമ്മിഷന്‍. ഇതിന്റെ ഭാഗമയി ആദ്യം ഗുഹവാത്തിയിലും പിന്നിട് ഡല്‍ഹിയിലും യോഗം ചേര്‍ന്നു. ബംഗ്ലൂര്‍, ഹൈദ്രാബാദ്, ചന്നൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ കമ്മിഷന്‍ അന്വേഷണവും നടത്തി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാക്കാരായ വിദ്യാര്‍ഥികളെയും സമീപിച്ചു. സന്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു.
വിവിധയിനം ജോലികള്‍ക്കായി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ പോകുന്നതില്‍ വര്‍ധനവ് ഉണ്ടായതായി കമ്മിഷന്‍ കണ്ടെത്തി. വിദ്യാര്‍ഥികളും അധ്യാപകരും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ബ്യൂട്ടീഷ്യന്‍സും ഹോട്ടല്‍ ജീവനക്കാരുമായി വ്യാപിച്ചുകിടക്കുകയാണ് ഇവരുടെ തൊഴില്‍ മേഖല. ആന്ധ്രപ്രദേശ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ടെങ്കിലും മുഖ്യ ആകര്‍ഷണവും പ്രധാന ലക്ഷ്യവും ഡല്‍ഹി തന്നെയാണ്. രണ്ട് ലക്ഷത്തോളം ആളുകളാണ് ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഇവിടെയുള്ളത്. ഡല്‍ഹിയുടെ മെച്ചപ്പെട്ട വിദ്യാഭ്യാസം തന്നെയാണ് പ്രധാന കാരണം. സ്ത്രീകളില്‍ മുന്നില്‍ രണ്ട് ഭാഗവും ഏതെങ്കിലും രൂപത്തിലുള്ള വിവേചനം നേരിടുന്നതായി ജാമിഅ മില്ലിയ സര്‍വകലാശല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തെറിയഭിഷേകം വലിയതോതില്‍ നേരിട്ടതായി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. ഏത്രത്തോളം ലളിതമാണ് വടക്കുകിഴക്കന്‍ വേട്ട എന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ നീക്കങ്ങളുമായി അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തു വന്നു. അശ്ലീല ഭാഷ പ്രയോഗം നടത്തി അവഹേളിച്ചാല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ നല്‍കുമെന്ന പ്രഖ്യാപനവും നടന്നു. എന്നാല്‍ ബിജെപി യിടെ ഡല്‍ഹിയിലേക്കുള്ള “വിഷന്‍ ഡോക്യുമെന്റില്‍ തന്നെ കുടിയേറ്റക്കാര്‍ എന്ന പരാമര്‍ശം നടത്തി വീണ്ടും അവഹേളിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ പൂര്‍ണമായും സംരക്ഷിച്ചു സുരക്ഷിതമയ ജീവിതം ഒരുക്കി കൊടുത്ത് വിശാല മനസ്സോടെ ഇന്ത്യക്കാരായി കാണാന്‍ ഡല്‍ഹി തയ്യാറാകണം. രാജ്യത്ത് മദ്രാസികളെന്നോ കുടിയേറ്റക്കരെന്നോ വിവേചിക്കാതെ നാം ഒന്നാണെന്ന പൊതു ബോധമാണ് ഉയര്‍ന്നു വരേണ്ടത്.