മണ്ണാര്‍ക്കാട് കല്ലടി കോളജിലെ റാഗിംഗ്: പ്രതികളായ വിദ്യാര്‍ഥികള്‍ ഒളിവില്‍

Posted on: February 6, 2015 11:53 pm | Last updated: February 7, 2015 at 11:59 pm

KALLADI COLLEGEമണ്ണാര്‍ക്കാട്: കല്ലടി കോളജിലെ ക്രൂരമായ റാഗിംഗ് സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമം സംഘം ചേരല്‍ റാഗിംഗ് തുടങ്ങിയ വിവിധ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.
പ്രതികളായ വിദ്യര്‍ത്ഥികള്‍ എട്ട് പേരും ഒളിവിലാണ്. ഇന്നലെ കോളജില്‍ ചേര്‍ന്ന ആന്റി റാഗിംഗ്് കമ്മിറ്റി നിര്‍ദ്ദേശം അനുസരിച്ച് കോളജ് പ്രിന്‍സിപ്പാള്‍ 6 പേരെ സസ്‌പെന്റ് ചെയ്യാനും നേരത്തെ സമാന കേസില്‍ ഉള്‍പ്പെട്ട് നടപടിക്ക് വിധേയരായ ഷാനില്‍, നൗഫല്‍ എന്നിവരെ കോളജില്‍ പുറത്താക്കാനും തീരുമാനിച്ചു.
കല്ലടി കോളജില്‍ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയായ ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം ചേക്കു മുസ്‌ലിയാരകത്ത് വീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ മുഹമ്മദ് മുഹ്‌സിന്‍ (19) ന്റെ കണ്ണിന്റെ കാഴ്ചയാണ് റാഗിംഗിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ കോളജിലെ മൂപ്പന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നൗഫല്‍, ഷാനില്‍, സുഹൈല്‍, റിഷാന്‍, ജൗഹര്‍, ജാബിര്‍, ആശിഫ്, അനസ് എനനിവരാണ് പ്രതികള്‍. ഇവര്‍ ഇതിനുമുമ്പും മുഹ്‌സിനെ മര്‍ദ്ദിക്കുകയും തലക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പരുക്കേറ്റ മുഹ്‌സിന്റെ പിതാവ് പ്രവാസിയായിരിക്കെ ഖത്തറിലുണ്ടായിരുന്ന വാഹനാപകടത്തില്‍ പരുക്കേറ്റ് പത്ത് വര്‍ഷത്തോളമായി വീട്ടില്‍ കിടപ്പിലാണ്. ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട മുഹ്‌സിന്റെ വലതുകണ്ണിനും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
മുഹ്‌സിന്‍ നിലവില്‍ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിലാണ്. സംഭവത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളും രക്ഷിതാകകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സമാന രീതിയിലുളള സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആന്റി റാഗിംഗ് കമ്മിറ്റിയോ അധികൃതരോ തയ്യാറാകാതിരുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കിയത്.
നേരത്തെ കാന്റീനില്‍ വെച്ച് വിദ്യാര്‍ഥികളുണ്ടായ അടിപിടിയില്‍ കാന്റീന്‍ ജീവനക്കാരന് കുത്തേറ്റിരുന്നു. അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കലാലയമായിട്ടും നിലവില്‍ വിദ്യാര്‍തഥികള്‍ക്കിടയില്‍ അച്ചടക്കം നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്കാവുന്നില്ലെന്നും പരാതിയുണ്ട്.