Connect with us

International

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും ചൈന മൂക്കുകയറിടുന്നു

Published

|

Last Updated

ബീജിംഗ്: മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് പുറമെ, ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും ചൈന മൂക്കുകയറിടുന്നു. ബ്ലോഗെഴുത്ത്, ചാറ്റിംഗ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നയങ്ങളെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള ബ്ലോഗെഴുത്തുകള്‍ ഒഴിവാക്കണമെന്നും ഇന്നലെ ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യമാണ് ചൈനയെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ മൂലം സോഷ്യല്‍ മീഡിയകളുടെ വരെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 മുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ യഥാര്‍ഥ പേര് അറിഞ്ഞിരിക്കണമെന്ന് ചൈന കമ്പനികളോട് ആവശ്യപ്പെടുന്നുണ്ട്. ബ്ലോഗ്, മൈക്രോ ബ്ലോഗ്, സോഷ്യല്‍ മീഡിയകള്‍ എന്നിവയിലൂടെയാണ് കടുത്ത മാധ്യമനിയന്ത്രണമുള്ള ചൈനയിലെ ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കാറുള്ളത്. സര്‍ക്കാറിന്റെ പുതിയ നീക്കം ഈ മേഖലയിലും കടുത്ത നിയന്ത്രണങ്ങള്‍ ലക്ഷ്യം വെച്ചാണ് എന്ന് കരുതപ്പെടുന്നു. നിയമവിരുദ്ധവും അനാരോഗ്യകരവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ മാറിനില്‍ക്കുമെന്ന കറാറിലേര്‍പ്പെട്ടതിന് ശേഷം മാത്രമേ പുതിയ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയകളോട് വര്‍ധിച്ചു വരുന്ന ജനങ്ങളുടെ താത്പര്യത്തിന് മൂക്കുകയറിടുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തുന്നത്. അതേസമയം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റിനെ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് പുതിയ സര്‍ക്കാറിന്റെ നിലപാട്.
അനാരോഗ്യകരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുക വഴി വിവിധ കമ്പനികള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ വന്‍ പിഴയും ചുമത്തിയിട്ടുണ്ട്.

Latest