Connect with us

Kerala

തടവുകാര്‍ക്ക് ബേങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു

Published

|

Last Updated

തിരുവനന്തപുരം: തടവുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും അവരുടെ കുടുംബക്ഷേമത്തിനുമായി ജയില്‍ വകുപ്പ് ബേങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. കാനറാ ബേങ്കുമായി സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. ജയിലില്‍ വിവിധ തൊഴിലുകളിലേര്‍പ്പെടുന്ന തടവുകാര്‍ക്ക് ലഭിക്കുന്ന തുക അവരുടെ ഭാവിക്കും കുടുംബത്തിനുമായി പ്രയോജനപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.

മുന്നോ അധിലധികമോ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് ബേങ്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. പദ്ധതി ആരംഭിക്കുന്നതോടെ ജയിലില്‍ ജോലി ചെയ്യുന്നവരുടെ പ്രതിഫലം അവരുടെ പേരില്‍ ആരംഭിക്കുന്ന സീറോ ബാലന്‍സ് അക്കൗണ്ടുകളിലായിരിക്കും എത്തുക. ഇതിന് എ ടി എം സംവിധാനവും ഉണ്ടായിരിക്കും. ഇതിലൂടെ കുടുംബാംഗങ്ങള്‍ക്ക് എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുന്നതിനും സാധിക്കും.

തങ്ങളുടെ അധ്വാനത്തിന്റെ ഫലം കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നു എന്ന സന്തോഷം തടവുകാരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും കുറ്റവാസനകളില്‍ നിന്നും പിന്‍മാറി ഉത്തരവാദിത്തതോടെ ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാകുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. ഗൃഹനാഥന്‍ തടവു ശിക്ഷ അനുഭവിക്കുന്നത് മൂലം അനാഥമായ പല കുടുംബങ്ങള്‍ക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
പൂജപ്പുര, കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് പദ്ധതി നടപ്പാക്കുക. പൂജപ്പുരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ആഭ്യന്തരമന്ത്രി നിര്‍വഹിക്കുമെന്ന് ജയില്‍ ഡി ഐ ജി( തെക്കന്‍ മേഖല) ബി പ്രദീപ് പറഞ്ഞു. ജയില്‍ തടവുകാരുടെ പുനരധിവാസത്തിനും ഭാവി സുരക്ഷക്കുമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.വിവിധ നിര്‍മാണ യൂനിറ്റുകളില്‍ ജോലി ചെയ്യുന്ന തടവുകാര്‍ക്ക് വിവിധ നിരക്കിലാണ് വേതനം ലഭിക്കുന്നത്.

നിലവില്‍ പാചകം, ആശാരിപ്പണി, തയ്യല്‍, കൃഷിപ്പണി തുടങ്ങി നിരവധി തൊഴില്‍ മേഖലകളാണ് ജയിലിലുള്ളത്. ഒരോന്നിനും ലഭിക്കുന്ന വേതനം വ്യത്യസ്തമാണ്. പാചക ജോലികള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്നത്. ഒരു ദിവസം 117 രൂപ.

കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്ന കണക്കു പ്രകാരം തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി 7,50,191 തടവുകാരാണുള്ളത്. ഇവരില്‍ 60 ശതമാനത്തിനും പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. മൂന്ന് ജയിലുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാളുടെ കുടുംബത്തിന് സ്വയംതൊഴില്‍ വായ്പ അനുവദിക്കാമെന്നും കാനറ ബേങ്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മൂന്ന് തടവുകാരുടെ കുടുംബത്തെ നിലവില്‍ ഇതിനായി പരിഗണിക്കുന്നുണ്ട്.

Latest