Connect with us

Editorial

ജയരാജന്‍ ജയിലില്‍ പോകുമ്പോള്‍

Published

|

Last Updated

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാരെ “ശുംഭന്‍മാര്‍” എന്ന് വിളിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ കുറ്റത്തിന് സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ജയിലിലേക്ക് പോകുകയാണ്. ഹൈക്കോടതി വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി നാലാഴ്ചത്തെ ശിക്ഷ വിധിക്കുകയായിരുന്നു. ഹൈക്കോടതി വിധി വന്നയുടന്‍ ഒരാഴ്ച ജയിലില്‍ കഴിഞ്ഞതിനാല്‍ ഇനി 19 ദിവസത്തെ ശിക്ഷ അനുഭവിച്ചാല്‍ മതി. പൊതു പ്രവര്‍ത്തകര്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ നിശ്ചയമായും പാലിച്ചിരിക്കേണ്ട മര്യാദകളെക്കുറിച്ചും കോടതി വിധികളെ വിമര്‍ശിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും കൈക്കൊള്ളേണ്ട സൂക്ഷ്മതകളെക്കുറിച്ചും ഈ കുറ്റവും ശിക്ഷയും ഓര്‍മപ്പെടുത്തുന്നു. പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും മണ്ഡലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നിയമത്തിന്റെ പ്രയോഗം എത്രമാത്രമാകാമെന്ന ചോദ്യവും വിധി ഉയര്‍ത്തുന്നുണ്ട്. ജയരാജന്റെ ശുംഭന്‍ പ്രയോഗത്തില്‍ കോടതിക്കുള്ള അമര്‍ഷം രേഖപ്പെടുത്തുന്നതോടൊപ്പം ആ പ്രയോഗം നീതിന്യായ സംവിധാനത്തിനുണ്ടാക്കുന്ന പരുക്ക് വ്യക്തമാക്കുന്നതും കൂടിയായിരുന്നു സുപ്രീം കോടതി ബഞ്ചിന്റെ വിധിന്യായം. “വിധി പറയുന്ന ജഡ്ജിമാരെ സഭ്യമല്ലാത്ത ഭാഷയില്‍ ആക്ഷേപിക്കാനും ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പറയാനും ആര്‍ക്കും അവകാശമില്ല. ജഡ്ജിമാര്‍ ചില്ലുമേടയില്‍ കഴിയുന്നവരാണെന്നും വിധികള്‍ക്ക് പുല്ലുവിലയാണെന്നുമുള്ള ജയരാജന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ആണെങ്കിലും പൊതുജനമധ്യത്തില്‍ അത് നീതിന്യായ വിഭാഗത്തിനുണ്ടാക്കുന്ന അവമതിപ്പ് വളരെ ആഴത്തിലുള്ളതാണ്. ശുംഭന്‍ എന്നതിന് ജയരാജന്‍ അവകാശപ്പെട്ട അര്‍ഥമല്ല ഉള്ളത്. അഭിഭാഷകന്‍, നിയമസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജയരാജന് സര്‍ക്കാറും ജുഡീഷ്യറിയും നിയമസഭയും തമ്മിലുള്ള അധികാരപരമായ അതിരുകള്‍ നന്നായറിയാം. ശുംഭന്‍ പ്രയോഗത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല. കാരണം കോടതി ഉത്തരവുകളെ ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നത് അഭിപ്രായപ്രകടനമല്ല. ചെയ്ത പ്രവൃത്തിയില്‍ ജയരാജന്‍ തെല്ലും മനസ്താപം കാണിക്കുന്നില്ല”. ഇങ്ങനെ പോകുന്നു സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണങ്ങള്‍.
ജയരാജന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ അസഭ്യ പ്രയോഗങ്ങളുടെ പേരില്‍ നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് എന്ത് കൊണ്ട് എന്ന് സ്വയം ചിന്തിക്കേണ്ടതാണ്. പരനാറി പോലുള്ള പ്രയോഗങ്ങള്‍ അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിമര്‍ശങ്ങളെയും കാഴ്ചപ്പാടുകളെയും അപ്രസക്തമാക്കുകയും ഇത്തരം അസഭ്യങ്ങള്‍ മാത്രം ചര്‍ച്ചയാകുകയും ചെയ്യുന്നുവെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധി അവര്‍ കാണിക്കണം. സമൂഹം നന്നായി മാറിയിരിക്കുന്നുവെന്നും അതിനനുസരിച്ച് തങ്ങളുടെ പദപ്രയോഗങ്ങളും പെരുമാറ്റരീതിയും മാറാതെ തരമില്ലെന്നും ഈ നേതാക്കള്‍ തിരിച്ചറിയണം. ഇവിടെ, പാതയോരത്തെ ഒത്തു ചേരലുകള്‍ നിരോധിച്ചതില്‍ ഉള്‍ച്ചേര്‍ന്ന ജനാധിപത്യവിരുദ്ധമായ അംശം തുറന്നുകാണിക്കുകയെന്നതില്‍ ഒരു രാഷ്ട്രീയമുണ്ടായിരുന്നു. ശുംഭന്‍ പ്രയോഗത്തിലൂടെ ആ രാഷ്ട്രീയം കളഞ്ഞുകുളിക്കുകയാണ് ജയരാജന്‍ ചെയ്തത്. വിഷയം കോടതിയില്‍ എത്തിയപ്പോള്‍ ശുംഭന്‍ എന്ന വാക്കിന് തിളങ്ങുന്നവന്‍ എന്നും മറ്റും അര്‍ഥം അവകാശപ്പെട്ട് തടിതപ്പാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി സംസ്‌കൃതപണ്ഡിതനെ കോടതിയില്‍ സാക്ഷിയാക്കി അവതരിപ്പിക്കുകകൂടി ചെയ്തു. ഇതിനേക്കാള്‍ വലിയ മൗഢ്യമുണ്ടോ? ഒരു ആശയത്തിനായി, അത് ശരിയോ തെറ്റോ ആകട്ടെ, സ്ഥൈര്യത്തോടെ നിന്നിട്ടാണ് ജയിലില്‍ പോകുന്നതെങ്കില്‍ അതിന് ഒരു അന്തസ്സുണ്ടായിരുന്നു. ജയരാജന്റെയോ അഭിഭാഷകരുടെയോ കുരുട്ടുബുദ്ധി ആ അന്തസ്സും തകര്‍ത്തെറിഞ്ഞു.
ഇ എം എസ് പണ്ട് പിഴയടക്കുകയാണ് ചെയ്തത്. നോട്ട് കെട്ട് പരാമര്‍ശത്തില്‍ പാലോളി മുഹമ്മദ് കുട്ടി മാന്യമായി മാപ്പ് പറഞ്ഞു. നര്‍മദാ ബചാവോ ആന്തോളനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ അരുന്ധതി റോയി ഒരു ദിവസം ശിക്ഷ അനുഭവിച്ചു. കോടതികളെയും അവയുടെ വിധികളെയും വിമര്‍ശിക്കാനുള്ള പൗരന്റെ അവകാശത്തിന് മേല്‍ കോടതിയലക്ഷ്യ നിയമം ചില നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നത് വസ്തുതയാണ്. സാധാരണവ്യക്തികളെപ്പോലെ ജഡ്ജിമാര്‍ പ്രകോപിതരാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. ജയരാജന്റെ കേസില്‍ തന്നെ അദ്ദേഹത്തെ പുഴുവിനോട് ഉപമിച്ച ഹൈക്കോടതിയിലെ ന്യായാധിപര്‍ ഒരു തരം ഫ്യൂഡല്‍ ബോധത്തിന് അടിമപ്പെട്ടുവെന്ന് വ്യക്തമാണ്. എന്നാല്‍ സുപ്രീം കോടതി ഈ വക അമിതാധികാര പ്രയോഗത്തിനൊന്നും മുതിര്‍ന്നില്ല. അങ്ങേയറ്റം ദയാപൂര്‍വം വിധി പറഞ്ഞ് കോടതിയുടെ കുലീനത തെളിയിച്ചു പരമോന്നത കോടതി. ഒരു ഭാഗത്ത് കോടതിയുടെ അന്തസ്സും പ്രാമാണികതയും ഉയര്‍ത്തിപ്പിടിക്കുകയെന്ന ധര്‍മം നിര്‍വഹിക്കുന്നു കോടതിയലക്ഷ്യ നിയമങ്ങള്‍. കോടതി വിധികള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താനും ഈ നിയമങ്ങള്‍ തന്നെയാണ് ആശ്രയം. എന്നാല്‍ മറുവശത്ത് കോടതികളുടെ അമിതാധികാര പ്രയോഗത്തിന് അത് വഴിയൊരുക്കുന്നു. ജനാധിപത്യം എത്രകണ്ട് വികസിച്ചാലും കോടതിയലക്ഷ്യ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നത് ബുദ്ധിയാകില്ല. മറിച്ച് അവയുടെ ബുദ്ധിപൂര്‍വമായ ഉപയോഗം ഉറപ്പ് വരുത്തുകയേ വഴിയുള്ളൂ. വിമര്‍ശം മാന്യമായിരിക്കാന്‍ പൗരന്‍മാര്‍ ശ്രദ്ധ വെക്കുകയും വേണം.