വയനാടിന്റെ വികസനാവശ്യങ്ങള്‍: എല്‍ ഡി എഫ് പ്രക്ഷോഭം ആരംഭിക്കുന്നു; ഒന്‍പതിന് കലക്ടറേറ്റ് ഉപരോധം

Posted on: February 1, 2015 1:14 pm | Last updated: February 1, 2015 at 1:14 pm

കല്‍പ്പറ്റ: വയനാടിന്റെ വികസനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്‍പതിന് കലക്ടറേറ്റ് ഉപരോധം നടത്തുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആരംഭിക്കുന്ന ഉപരോധം പകല്‍ രണ്ടുവരെ നീളും. മുന്‍ എംഎല്‍എ കെ സി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി സര്‍വകലാശാല ആസ്ഥാനം വയനാട്ടില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, കാലവര്‍ഷക്കെടുതിയിലും വരള്‍ച്ചയിലും കൃഷിനശിച്ച കര്‍ഷകര്‍ക്ക് ലഭിക്കാനാുള്ള 26 കോടി ഉടന്‍ വിതരണം ചെയ്യുക, 2500 കോടിയുടെ വയനാട് പാക്കേജ് ഉടന്‍ നടപ്പിലാക്കുക, വയനാടിന് അര്‍ഹതപ്പെട്ട കബനീജലം ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുക, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക, ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി വിതരണം ചെയ്യുക, തോട്ടം തൊഴിലാളികളെ സംരക്ഷിക്കുക, എന്‍ എച്ച് 212 ലെ രാത്രിയാത്ര നിരോധനം പിന്‍വലിക്കുക, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം വര്‍ധനവ് പിന്‍വലിക്കുക, അമിതമായി വര്‍ധിപ്പിച്ച ഭൂനികുതി, വീട്ടുനികുതി വര്‍ധനവ് പിന്‍വലിക്കുക എന്നിവയാണ് ഉപരോധ സമരത്തിന് ആധാരമായ ആവശ്യങ്ങള്‍.
എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട്ടിലനുവദിച്ച വെറ്ററിനറി സര്‍വകലാശാല ജില്ലയില്‍ നിന്നും മാറ്റാനുള്ള നീക്കം ശക്തമാണ്. സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയായ എക്‌സ്ിക്യൂട്ടിവ് കമ്മിറ്റിയില്‍ വയനാട്ടില്‍ നിന്നും കല്‍പറ്റ നിയോജകമണ്ഡലം എംഎല്‍എ മാത്രമാണുള്ളത്. എന്നാല്‍ ഫലപ്രദമായി ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ എംഎല്‍എ പരാജയമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ പ്രഖ്യാപനത്തില്‍ മാത്രമാണ്. ഉപാധികളൊന്നുമില്ലാതെ ഭൂമി ഏറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
വയനാടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികളും സര്‍ക്കാരും യാതൊരു താല്‍പര്യവും കാണിക്കുന്നില്ല. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. കബനീജലം കാര്‍ഷിക അഭിവൃദ്ധിക്ക് ഉപയോഗിക്കാന്‍ പ്രായോഗിക പദ്ധതി ആവിഷ്‌കരിക്കുന്നില്ല. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും തൊഴിലും ഉറപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഉപരോധസമരത്തിന്റെ പ്രചരണാര്‍ഥം നാല്, അഞ്ച്, ആറ് തീയതികളില്‍ ജില്ലയില്‍ പ്രചരണം നടത്തുന്ന ജാഥ മൂന്നിന് വൈത്തിരിയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം ജാഥ ആറിന് മാനന്തവാടിയില്‍ സമാപിക്കും. സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരനാണ് ജാഥ ക്യാപ്റ്റന്‍. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി എസ് വിശ്വംഭരന്‍ വൈസ് ക്യാപറ്റനാണ്. ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് കുട്ടി, എന്‍ സി പി ജില്ലാ സെക്രട്ടറി എന്‍ പി അനില്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി കെ ബാബു, കേരളകോണ്‍ഗ്രസ് (തോമസ് വിഭാഗം) ജില്ലാ സെക്രട്ടറി പി ജെ കാതറിന്‍ ടീച്ചര്‍ എന്നിവര്‍ ജാഥ അംഗങ്ങളാണ്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ കെ വി മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എല്‍ ഡി എഫ് വൈത്തിരി താലൂക്ക് കണ്‍വീനര്‍ വി പി ശങ്കരന്‍ നമ്പ്യാര്‍, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.