Connect with us

Malappuram

അങ്ങാടിപ്പുറം മേല്‍പാലം; ഉന്നതതല യോഗം ഫെബ്രുവരി രണ്ടിന്‌

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിനുമായി ജനപ്രതിനിധികളുടെയും വകുപ്പ്‌മേധാവികളുടെയും യോഗം അടുത്ത മാസം രണ്ടിന് അങ്ങാടിപ്പുറം റെസ്റ്റ്ഹൗസില്‍ ചേരുമെന്ന് മന്ത്രി എം അലിയുടെ ഓഫീസില്‍ നിന്നറിയിച്ചു. തിങ്കളാഴ്ച മൂന്നിനായിരിക്കും യോഗം.
പ്രവൃത്തിയുടെ നിര്‍മാണ പുരോഗതി, സ്ഥലമെടുപ്പ്, പോലീസിനെ വിന്യസിക്കല്‍, ഗതാഗത പരിഷ്‌കരണം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മന്ത്രി എം അലി ജില്ലാകലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേരുന്നത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടി എ അഹമ്മദ്കബീര്‍ എം എല്‍ എ പങ്കെടുക്കും. ജില്ലാ കലക്ടര്‍ കെ ബിജു, പോലീസ് സൂപ്രണ്ട്, സബ്കലക്ടര്‍, ജോ.ആര്‍ ടി ഒ, പെരിന്തല്‍മണ്ണ ഡി വൈ എസ് പി, പഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ബി ഡി ഒ പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
സി പി എം ഉപവാസ സമരം ഇന്നുമുതല്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്ക് പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മേല്‍പ്പാല പ്രവൃത്തികള്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് സി പി എം ദേശീയപാത ഉപരോധമടക്കമുള്ള ശക്തമായ സമര പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ആദ്യഘട്ടമെന്ന നിലയില്‍ ഇന്നും അടുത്തമാസം ഒന്നിനും രണ്ടിനും അങ്ങാടിപ്പുറം തളി ജംഗ്ഷനില്‍ ത്രിദിന കൂട്ടഉപവാസ സമരം നടത്താന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ 9.30ന് സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. അങ്ങാടിപ്പുറം പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങള്‍ ഉപവാസമനുഷ്ഠിക്കും.
അടുത്ത മാസം ഒന്നിന് മുന്‍ എം എല്‍ എ വി ശശികുമാറും 20ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എയും ഉദ്ഘാടനം ചെയ്യും. ഗതാഗത കുരുക്കിന് ശാശ്വതപരിഹാരമായ ഓരാടംപാലം-മാനത്ത്മംഗലം ബൈപാസ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെയും ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലെയും ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കാന്‍ ഓരോടംപാലത്ത് നിന്ന് മാനത്ത്മംഗലത്തേക്ക് മേല്‍പാലത്തോട് കൂടിയ ബൈപാസ് നിര്‍മിക്കുകായണെന്നുള്ള ജനാഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പത്ത് കോടി രൂപ ഈ പദ്ധതിക്കായി നീക്കിവെച്ചിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് നിലവിലെ റോഡില്‍ മേല്‍പാല പ്രവൃത്തി ആരംഭിച്ചു.
രണ്ട് വര്‍ഷമായി ഉദ്ഘാടനം കഴിഞ്ഞിട്ടിപ്പോള്‍ ഫില്ലര്‍ കുഴികള്‍ പോലും ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. സ്ഥലം വിട്ടു നല്‍കുന്ന കാര്യത്തില്‍ ഇന്നും തീര്‍പ്പായിട്ടില്ല. ജനാധിപത്യം എന്നുള്ളത് മറന്നുകൊണ്ടുള്ള പ്രവര്‍ത്തനം ഈ രീതിയില്‍ തുടര്‍ന്നാല്‍ പാലം പണി പൂര്‍ത്തിയാകുമ്പോഴേക്കും വര്‍ഷങ്ങള്‍ വേണ്ടി വരും. മാനത്ത്മംഗലം – ഓരോടംപാലം ബൈപാസ് പ്രവൃത്തി ഇതോടൊപ്പം ആരംഭിക്കുമെന്നും അന്ന് വാഗ്ദാനം നല്‍കിയതാണ്. പക്ഷേ, എം എല്‍ എമാര്‍ തമ്മിലുള്ള “ഈഗോ” കാരണം ഈ ബൈപാസ് റോഡിന്റെ ഒരു തുടര്‍പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഏറാന്തോട് ഭാഗത്ത് നിന്നും സര്‍വേ ആരംഭിച്ചെങ്കിലും മുമ്പ് ഇവിടെ സര്‍വേ സംബന്ധിച്ച് പ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ വീണ്ടും ഭൂവുടമകള്‍ അത് തടസപ്പെടുത്തുകയായിരുന്നു.
ഈ സര്‍വേ നടപടികള്‍ തടഞ്ഞത് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണെന്നും ജനം തിരിച്ചറിയണമെന്നും സി പി എം ഭാരവാഹികള്‍ പറഞ്ഞു. മങ്കട-പെരിന്തല്‍മണ്ണ എം എല്‍ എമാര്‍ തമ്മിലുള്ള കിടമത്സരം ഈ ബൈപാസ് റോഡിന്റെ കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതായി സി പി എം ആരോപിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.കെ റശീദലി, കൊണ്ടായത്ത് ബശീര്‍, ടി കെ മുഹമ്മദ് മുസ്തഫ, എ ഹരി, വി പി അബ്ദുല്‍ അസീസ്, കെ ടി നാരായണന്‍ പങ്കെടുത്തു.