Connect with us

Malappuram

കെ എസ് ആര്‍ ടി സി ജീവനക്കാരെ മര്‍ദിച്ചതായി പരാതി

Published

|

Last Updated

നിലമ്പൂര്‍: റോഡില്‍ കൈകാണിച്ചിട്ട് ബസ് നിര്‍ത്താതെ പോയി എന്നാരോപിച്ച് നിലമ്പൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ കെ എസ.് ആര്‍ ടി സി നിലമ്പൂര്‍ സബ് ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരനായ കെ എം സുരേഷ്‌കുമാറിനെ(50) നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അര്‍ധരാത്രിമുതല്‍ നിലമ്പൂര്‍ ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ നിലമ്പൂര്‍ ഡിപ്പോയിലാണ് സംഭവം. ബംഗളുരുവില്‍ നിന്നും തൃശൂരിലേക്കുള്ള ബസിന്റെ സമയം ചോദിച്ച് ഒമ്പത് മണിയോടെ സംഘം ഡിപ്പോയിലെത്തിയിരുന്നു. സമയം അറിഞ്ഞ് മടങ്ങിപ്പോയതായി ജീവനക്കാര്‍ പറഞ്ഞു. ശേഷം ഒമ്പതരയോടെ സംഘം നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് സ്ഥിരം പതിവാണെന്നും കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണം ഇതൊക്കെയാണെന്നും പറഞ്ഞ് ഡിപ്പോയിലെത്തിയ ഇവര്‍ ജീവനക്കാരെ അസഭ്യം പറയാന്‍ തുടങ്ങി. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ സംഘം മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന സ്റ്റേഷന്‍മാസ്റ്റര്‍ക്കും മറ്റു രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഈ സമയത്താണ് മര്‍ദനമേറ്റത്.
അഞ്ച് പേരില്‍ നാല് പേരാണ് തങ്ങളെ മര്‍ദിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസിന് ഫോണ്‍ ചെയ്തു. രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ പോലീസെത്തി അക്രമികളെ ജീപ്പില്‍ക്കയറ്റി കൊണ്ടുപോയി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ ഇഗ്‌നേഷ്യസ് പൊലീസിന് പരാതിയും നല്‍കി.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസ് എത്തിയില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെ പ്രതിഷേധവുമായി സ്റ്റേഷനിലെത്തി. ശേഷമാണ് പോലീസ് മൊഴിയെടുക്കാനെത്തിയത്. പറഞ്ഞത് പ്രകാരമല്ല മൊഴിരേഖപ്പെടുത്തിയതെന്നും ദുര്‍ബലമായ വകുപ്പുകളാണ് പൊലീസ് എടുത്തതെന്നും കല്ലുകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചതിനും ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സംയുക്ത യൂനിയന്‍ നേതാക്കള്‍ നിലമ്പൂര്‍ സി ഐക്ക് പരാതി നല്‍കി. യഥാര്‍ഥ പ്രതികള്‍ക്കെതിരെ ക്രമിനല്‍ കേസെടുക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതുവരെ പണിമുടക്ക് സമരം തുടരുമെന്നും സംയുക്ത യൂനിയന്‍ നേതാക്കള്‍പറഞ്ഞു.