മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണം: ഒബാമ

Posted on: January 28, 2015 12:36 am | Last updated: January 28, 2015 at 10:38 am

US PRESIDENT BARACK OBAMA AND FIRST LADY MICHELLE OBAMAന്യൂഡല്‍ഹി: രാഷ്ട്രശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ ജനാധിപത്യവും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ശ്രമങ്ങളും ലോകത്തിന് മാതൃകയാണെന്നും ഒബാമ പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ യുവാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
ഏതെങ്കിലും മതത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം ഇന്ത്യക്ക് വിജയകരമായി മുന്നേറാം. വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കണം. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം ഭയമോ വിവേചനമോ കൂടാതെ മുറുകെപ്പിടിക്കാനുള്ള സാഹചര്യമുണ്ടാകണം. ഇഷ്ടപ്പെട്ട മതത്തിലേക്ക് പോയി എന്നതു കൊണ്ട് ഒരാളെ വേട്ടയാടരുതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ക്രിസ്ത്യാനിയല്ല, മുസ്‌ലിം ആണെന്ന തരത്തില്‍ ചില കോണില്‍ നിന്ന് പ്രചാരണം വരുന്നത് സംബന്ധിച്ചും ഒബാമ പരാമര്‍ശിച്ചു. എന്നെ അറിയാത്ത പലരും എന്നെ പല മതങ്ങളിലും ചേര്‍ത്ത് പറയുന്നു. ആ മതത്തില്‍ ഉള്‍പ്പെടുന്നത് എന്തോ തെറ്റുപോലെയാണ് പ്രചാരണം- ഒബാമ പറഞ്ഞു. എന്റെ ജീവിതത്തില്‍ പലപ്പോഴും കടുത്ത വിവേചനം അനുഭവിച്ചിട്ടുണ്ട്. എന്റെ തൊലിയുടെ നിറമാണ് ആ വിവേചനത്തിന് അടിസ്ഥാനമായത്.
അസമത്വത്തിന്റെ ലോകത്ത് ചായക്കടക്കാരന് പ്രധാനമന്ത്രിയാകാന്‍ സാധിക്കുന്നുവെന്നത് വലിയ കാര്യമാണെന്ന് മോദിയെ പരാമര്‍ശിച്ച് ഒബാമ പറഞ്ഞു. ഗാന്ധിജിയാണ് ഇന്ത്യയുടെ ശക്തി സ്രോതസ്സ്. ആ മനുഷ്യന് ജന്മം നല്‍കിയ ഈ മണ്ണ് അമൂല്യമാണ്. ഗാന്ധിയന്‍ തത്വങ്ങളായിരിക്കണം ഇന്ത്യയെ മുന്നോട്ടു നയിക്കേണ്ടത്. ഘര്‍ വാപസിയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ് പരിവാര്‍ നേതാക്കള്‍ മതവിദ്വേഷ വ്യാപനം ശക്തമാക്കിയ സാഹചര്യത്തിലാണ് ഒബാമയുടെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്. യുവാക്കള്‍ വനിതകളുടെ സംരക്ഷണത്തിനും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും എല്ലാ തുറകളിലും വനിതകള്‍ തിളങ്ങി നില്‍ക്കുന്ന രാജ്യത്തിന് മാത്രമേ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഒബാമ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബരാക് ഒബാമ സഊദി അറേബ്യയിലേക്ക് തിരിച്ചു.