Connect with us

Kozhikode

ദേശീയ ഗെയിംസ്; ദീപശിഖാ പ്രയാണം കോഴിക്കോട്ടെത്തി

Published

|

Last Updated

കോഴിക്കോട്: 35 ാമത് ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥമുള്ള ദീപശിഖാ പ്രയാണം ഇന്നലെ ജില്ലയിലെത്തി. ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ നിന്നാണ് ഇന്നലെ ജില്ലയിലെ പ്രയാണം തുടക്കമായത്. ഇന്നലെ വൈകുന്നേരം നാലിന് മാനാഞ്ചിറയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എയും ഒളിമ്പ്യന്‍ വി ദിജുവും പി ഐ ഹംസയും ദീപശിഖ ഏറ്റുവാങ്ങി.
നിരവധി വിദ്യാര്‍ഥികളുമായി റാലിയായിട്ടാണ് ദിപശിഖാ പ്രയാണം പാരിഷ് ഹാളില്‍ നിന്നാരംഭിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കുരിശുപള്ളി, ബി ഇ എം സ്‌കൂള്‍, പോലീസ് കമ്മീഷണര്‍ ഓഫീസ്, പാളയം ജംഗ്ഷന്‍, മേലെ പാളയം, മിഠായിത്തെരുവ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് വഴി മാനാഞ്ചിറയില്‍ എത്തിയത്. കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സാമൂഹിക- രാഷ്ട്രീയ- സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. ദീപശിഖാ പ്രയാണം രാമനാട്ടുകരയില്‍ സമാപിച്ചു.
അഴിയൂരില്‍ നിന്ന് ഇന്നലെ രാവിലെ പതിനൊന്നിനാണ് പ്രയാണം ആരംഭിച്ചത്. ചോറോട്, വടകര മുന്‍സിപ്പാലിറ്റി പരിസരം, പയ്യോളി, തിക്കോടി, മൂടാടി, കൊയിലാണ്ടി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലൂടെയാണ് കോഴിക്കോട് നഗരത്തിലെത്തിയത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഫുട്ബാള്‍, വോളിബോള്‍, ബീച്ച് വോളിബാള്‍ മത്സരങ്ങളാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, ബീച്ച് എന്നിവിടങ്ങളിലായി അരങ്ങേറുന്നത്.