ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗം സ്ഥിരമല്ലെന്ന് കണ്ടെത്തല്‍

Posted on: January 24, 2015 8:45 pm | Last updated: January 24, 2015 at 8:45 pm

light speedശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം സ്ഥിരമല്ലെന്ന് സ്‌കോട്ടിഷ് ഗവേഷകരുടെ കണ്ടെത്തല്‍. ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗം കുറക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ശൂന്യതയില്‍ പ്രകാശം മൂന്നുലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ സഞ്ചരിക്കൂ. അതിനാല്‍ ശൂന്യതയിലെ പ്രകാശവേഗം സ്ഥിരാങ്കമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ ഇതുവരെ കണക്കാക്കിയിരുന്നത്.

ഗ്ലാസ്‌ഗോ സര്‍വകലാശാല, ഹിരിയറ്റ്-വാട്ട് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ശൂന്യതയിലൂടെ രണ്ട് പ്രകാശ കണങ്ങളെ കടത്തിവിട്ടാണ് ഗവേഷകര്‍ പഠനം നടത്തിയത്. അതില്‍ ഒരെണ്ണത്തെ ഒരു പ്രത്യേക ഉപകരണത്തിലൂടെ പ്രവേശിപ്പിച്ച് ആകൃതിവ്യത്യാസം വരുത്തിയിരുന്നു.

രണ്ട് പ്രകാശകണങ്ങളില്‍ ആകൃതിവ്യത്യാസം വരുത്തിയ കണത്തിന്റെ വേഗം ശൂന്യതയില്‍ പ്രകാശവേഗത്തിലും കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. അതേസമയം, ആകൃതിവ്യത്യാസം വരുത്താത്തത് പ്രകാശവേഗത്തില്‍ തന്നെ സഞ്ചരിച്ചു.