Connect with us

Wayanad

വനഭൂമിക്കു പകരം ഭൂമി കണ്ടെത്തി വയനാട്ടില്‍ നിലനിര്‍ത്തണം

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍കോളജിന്റെ ഭൂമി വിവാദത്തില്‍ കുരുങ്ങിയപ്പോള്‍ പകരം ഭൂമി കണ്ടെത്തണമെന്ന നിലപാടെടുത്ത കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ അതേ നിലപാട് വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിലുമെടുത്ത് പകരം ഭൂമി കണ്ടെത്തി വയനാട്ടില്‍ തന്നെ അത് നിലനിര്‍ത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി ആവശ്യപ്പെട്ടു.
ആദിവാസികള്‍ക്ക് അവകാശപ്പെട്ട റിസര്‍വ്വ് വനഭൂമിയില്‍ പൂക്കോട് വെറ്റിറനറി യൂണിവേഴ്‌സിറ്റി നടത്തിക്കെണ്ടിരക്കുന്ന നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ചില രാഷ്ട്രീയ സംഘടനകളും പ്രകോപിതനായ വൈസ്ചാന്‍സലര്‍ ബി അശോകും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വനം വകുപ്പ് ഉദേ്യാഗസ്ഥര്‍ക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റിയെ വയനാട്ടില്‍ നിന്നും ചുരമിറക്കാനുളള യാതൊരു ശ്രമത്തിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കാളികളല്ല. യൂണിവേഴ്‌സിറ്റി വയനാട്ടില്‍ തന്നെ നിലനിര്‍ത്തണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കോടികളുടെ അഴിമതിക്കുളള അനന്തസാധ്യതകള്‍ അടഞ്ഞ് പോയതില്‍ കോപാകുലനായി സമനില തെറ്റിയ വി.സി.അശോക് പരിസ്ഥിതി പ്രവത്തകരെ മാത്രമല്ല, സുധീരവും സത്യസന്ധവും പ്രതിബദ്ധതയും ഉളളതുമായ വന സംരക്ഷണ പ്രവര്‍ത്തനത്തിന് അഖിലേന്ത്യഖ്യാതി നേടിയ, നിരവധി കീര്‍ത്തിമുദ്രകള്‍ സ്വായത്തമായക്കിയ വനം വകുപ്പ് ഉദേ്യാഗസ്ഥനെതിരെയും വിഷം ചീറ്റുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്നത് ധിക്കാരപരമായ പ്രവര്‍ത്തിയാണ്. വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ കര്‍ഷകര്‍ക്ക് വന്‍ നഷ്ടങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടാന്‍ ശ്രമിക്കുന്ന വി സി നഷ്ടപ്പെടാന്‍ പോകുന്നതെന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം.
ഭരണഘടനയേയും നിയമത്തേയും നീതിന്യായ വ്യവസ്ഥയെയും അനുസരിക്കാമെന്നും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്ത ഐ.എ.എസ് ഉദേ്യാഗസ്ഥന്‍ നിയമം നടപ്പിലാക്കുന്ന വനം വകുപ്പ് ഉദേ്യാഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്നതും അവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയാണെന്നും റിസര്‍വ്വ് വനമാണെന്നും വ്യക്തമായിട്ടും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമാണ്. ഇയാള്‍ക്കെതിരെ ആദിവാസി അതിക്രമ നിയമപ്രകാരം കേസെടുക്കാന്‍ കോടതിയെ സമീപിക്കുവാന്‍ പ്രകൃതി സംരക്ഷണസമിതി തയ്യാറാകും.
പൂക്കോട് ഭൂമിയുടെ കാര്യത്തില്‍ ആദിവാസി ഗോത്ര സഭയും വയനാട്ടിലെ കാക്കത്തൊളളായിരം ആദിവാസിസംഘടനകളും കാണിക്കുന്ന നിസ്സംഗതയും മൗനവും തികഞ്ഞ ആദിവാസി വഞ്ചനയും അവസരവാദവുമാണ്.
യോഗത്തില്‍ തച്ചമ്പത്ത് രാമകൃഷ്ണന്‍ അദ്ധ്യക്ഷന്‍. ബാബു മൈലംമ്പാടി, എന്‍.ബാദുഷ, എം.ഗംഗാദരന്‍, സണ്ണി മരക്കടവ്, പി.എം.സുരേഷ്, ഗോകുല്‍ദാസ്, സണ്ണി പടിഞ്ഞാറത്തറ, തോമസ് അമ്പലവയല്‍, വി.എം.രാജന്‍, എ.വി മനോജ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest