Connect with us

Articles

ഇവരെന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് നന്നായറിയാം

Published

|

Last Updated

ശ്രീലങ്കയില്‍ നിന്ന് ഫിലപ്പൈന്‍സിലേക്കുള്ള യാത്രാ മധ്യേ വിമാനത്തില്‍ വെച്ചാണ് പോപ്പ് ഫ്രാന്‍സിസ് അത് പറഞ്ഞത്: “ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് ആരേയും അധിക്ഷേപിക്കുന്നതായിരിക്കരുത്. അധിക്ഷേപം മറ്റുള്ളവര്‍ സഹിച്ചെന്ന് വരില്ല.” ഇത് വിശദീകരിക്കാനായി അദ്ദേഹം അല്‍പ്പംകടന്ന ഒരു ഉദാഹരണം മുന്നോട്ട് വെക്കുകയും ചെയ്തു. തൊട്ടടുത്തുള്ള സുഹൃത്തിനെ ചൂണ്ടിക്കാട്ടി മാര്‍പ്പാപ്പ തുടര്‍ന്നു: “ഇദ്ദേഹം എന്റെ ആത്മാര്‍ഥ സുഹൃത്താണ്. എന്നുവെച്ച് അദ്ദേഹം എന്റെ അമ്മയെ അവഹേളിക്കും വിധം സംസാരിച്ചാല്‍ അദ്ദേഹത്തിന്റെ മൂക്കിന് നോക്കി നല്ല ഇടി കൊടുക്കും ഞാന്‍”. മതത്തിന്റെ പേരില്‍ ഒരാള്‍ക്കും അപരനെ ആക്രമിക്കാനുള്ള അധികാരം നല്‍കിയിട്ടില്ലെന്നും പോപ്പ് ഈ സംസാരത്തിനിടെ തറപ്പിച്ച് പറയുന്നുണ്ട്. ഫ്രഞ്ച് വാരികയായ ഷാര്‍ളി ഹെബ്‌ദോയുടെ നബി നിന്ദാ കാര്‍ട്ടൂണും അല്‍ഖാഇദയുടെ യമന്‍ വിഭാഗമെന്ന് പറയപ്പെടുന്നവര്‍ വാരികയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പോപ്പിന്റെ പരാമര്‍ശങ്ങള്‍. കാര്‍ട്ടൂണിസ്റ്റുകളെ വധിച്ചവര്‍ നബിനിന്ദയില്‍ പ്രകോപിതരും വ്രണിതഹൃദയരുമായവരാണെന്ന അര്‍ഥമാണ് പോപ്പിന്റെ മൂക്കിനിടി ഉദാഹരണം ഉത്പാദിപ്പിക്കുന്നത്. അക്രമികള്‍ പ്രവാചക പ്രേമികളൊന്നുമല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞോ എന്തോ, പോപ്പ് തൊട്ടടുത്ത ദിവസം ഈ ഉദാഹരണം തള്ളിപ്പറഞ്ഞു.
ഇതു സംബന്ധിച്ച് വന്ന മറ്റൊരു ശക്തമായ പ്രതികരണം തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലുവില്‍ നിന്നാണ്. അദ്ദേഹം പറഞ്ഞു: “ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രവാചകനെ അധിക്ഷേപിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. തുര്‍ക്കി ആധുനികതയും മതേതരത്വവും ഉള്‍ച്ചേര്‍ന്ന സമൂഹമായിരിക്കാം. ഇവിടെ മാധ്യമ വൈവിധ്യം ഉണ്ട് എന്നതും ശരിയാണ്. എന്ന് വെച്ച് എന്തും ചെയ്യാനുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ല”. മാത്രമല്ല, അദ്ദേഹം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ കടന്നാക്രമിക്കുകയും ചെയ്തു. ആക്രമണാനന്തരം പാരീസില്‍ നടന്ന കൂറ്റന്‍ ഐക്യ ദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ നെതന്യാഹു പോയതിനെയാണ് ദാവൂദോഗ്‌ലു ചോദ്യം ചെയ്യുന്നത്. കാര്‍ട്ടൂണിസ്റ്റ് ഹത്യ നടത്തിയ തീവ്രവാദികളെക്കാള്‍ മാരകമായ മാനവഹത്യ നടത്തിയ ആളാണ് നെതന്യാഹു. അദ്ദേഹത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം ആ റാലി നിഷ്ഫലമായിപ്പോയി എന്ന് അദ്ദേഹം തുറന്നടിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ പ്രതികരണം വന്നത് അല്‍ അസ്ഹര്‍ സര്‍കലാശാലയില്‍ നിന്നാണ്. അവിടുത്തെ പണ്ഡിതന്‍മാര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത് ഇത്തരം കാര്‍ട്ടൂണ്‍ അധിക്ഷേപങ്ങളെ അവഗണിക്കണമെന്നാണ്. ഇതില്‍ പ്രതിഷേധിക്കാന്‍ പോകുന്നതാണ് കുഴപ്പം. ഇത്തരം ആവിഷ്‌കാരങ്ങള്‍ കൊണ്ട് തകരുന്നതല്ല പ്രവാചകന്റെ പ്രതിച്ഛായയെന്നും വിശ്വാസികള്‍ ക്ഷമാശീലം മുറുകെപ്പിടിക്കണമെന്നും പണ്ഡിതര്‍ ആഹ്വാനം ചെയ്യുന്നു. അല്‍ അസ്ഹറിന്റെ സൂഫി (സുന്നി) പാരമ്പര്യം വിളിച്ചോതുന്നതാണ് ഈ പ്രതികരണം. ലോകത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ചേരിതിരിഞ്ഞ് ഷാര്‍ളി ഹെബ്‌ദോ സംഭവപരമ്പരകളോട് പ്രതികരിച്ചു. ചിലവ ഞാന്‍ ഷാര്‍ളി ഹെബ്‌ദോ എന്ന മുദ്രാവാക്യം ഏറ്റു വിളിച്ചു. മുസ്‌ലിംകളെ ഒന്നടങ്കം അധിക്ഷേപിച്ചു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പ്രമുഖ പത്രങ്ങളെല്ലാം സമതുലിതമായാണ് സംസാരിച്ചത്.
ഷാര്‍ളി ഹെബ്‌ദോയുടെയും ജില്ലന്‍ഡ് പോസ്റ്റിന്റെയുമൊക്കെ ലക്ഷ്യമെന്താണ്? ഒരു വെടിക്ക് ഒരു പാട് പക്ഷികളെ വീഴ്ത്തുകയാണ് അവര്‍. ഇസ്‌ലാമിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്നത് തന്നെയാണ് പ്രധാനം. ആധുനിക പാശ്ചാത്യ, വ്യവസായവത്കൃത സമൂഹങ്ങളുടെ അടിസ്ഥാനപരമായ പ്രതിസന്ധികള്‍ക്ക് ഇസ്‌ലാം പരിഹാരം മുന്നോട്ട് വെക്കുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. നിരവധി പേര്‍ ഇസ്‌ലാമിന്റെ യാഥാര്‍ഥ്യം തിരിച്ചറിയുന്നുവെന്നത് അവരെ അസ്വസ്ഥമാക്കുന്നു. ഈ ആവിഷ്‌കാരവാദികളൊന്നും സയണിസ്റ്റ് ഭീകരതയെ തൊടുന്നില്ലെന്നോര്‍ക്കണം. ഇതേ ഷാര്‍ളി ഹെബ്‌ദോയില്‍ ജൂതന്‍മാര്‍ക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചയാളെ പിരിച്ചുവിട്ടിരുന്നുവെന്നത് ഇതോട് ചേര്‍ത്ത് വായിക്കണം. എന്തേ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കണക്കില്‍ വരവ് വെച്ചില്ല?
ഈ കാര്‍ട്ടൂണ്‍ വരയ്ക്കുന്നയാള്‍ ഒരു പക്ഷേ വ്യക്തിപരമായി ഇത്തരം രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നുണ്ടാകില്ല. പക്ഷേ, അദ്ദേഹവും വലിയ കളികളിലെ കരുവാണ്. ചെയ്യുന്ന ജോലിക്കല്ല അയാള്‍ ശമ്പളം വാങ്ങുന്നത്. ചെയ്യുന്ന ജോലിയുടെ ആത്യന്തിക ഫലമായ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ക്കാണ് അവന് ശമ്പളം. ഒരു മതത്തില്‍ വിശ്വസിക്കുന്നവന്‍ തന്റെ വിശ്വാസ സംഹിതയെക്കുറിച്ച് അഭിമാനിക്കുന്നിടത്തോളം കാലം അവനെ അതില്‍ നിന്ന് അടര്‍ത്താനാകില്ല. അവന്റെ അഭിമാന ബോധവും ആത്മവിശ്വാസവും മറ്റുള്ളവരെ ആ സംഘത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. ഇന്ന് കാണുന്ന ഇസ്‌ലാമോഫോബിയയുടെയും ആഗോള തീവ്രവാദത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിം സമൂഹത്തിന് മേല്‍ കെട്ടിവെക്കുന്നതിന്റെയുമെല്ലാം ലക്ഷ്യം വിശ്വാസിയെ അപകര്‍ഷതയിലാഴ്ത്തുകയെന്നതാണ്. പാരമ്പര്യ ശേഷിപ്പുകള്‍ തകര്‍ത്തെറിഞ്ഞ് രാഷ്ട്രീയ ഇസ്‌ലാം സ്ഥാപിക്കാനിറങ്ങിയ തീവ്രവാദ ഗ്രൂപ്പുകളും അതുതന്നെ ചെയ്യുന്നു. ഈ അധിക്ഷേപക്കാരും തീവ്രവാദികളും പരസ്പര സഹായ സഹകരണ മുന്നണിയാണ്. പ്രകോപിപ്പിക്കുക, പ്രതിഷേധം ക്ഷണിച്ചു വരുത്തുക, നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമാസക്ത പ്രതിഷേധത്തിന് തിരികൊളുത്തുക, ചോര വീഴ്ത്തുക, വീണ ചോരയെച്ചൊല്ലി പിന്നെയും അധിക്ഷേപിക്കുക. ഇതാണ് തന്ത്രം. മൂക്കിന് ഇടിച്ച് പോകുന്ന തരത്തില്‍ നിങ്ങളെ അവഹേളിച്ചാല്‍ നിങ്ങള്‍ എങ്ങനെ ക്ഷമിക്കും? അങ്ങനെ അക്ഷമരായ നിങ്ങള്‍ ചെന്നെത്തുക സാമ്രാജ്യത്വ ശക്തികള്‍ നല്‍കിയ ബോംബും മിസൈലുമായി ആളെക്കൊല്ലാനിറങ്ങിയവരുടെ ആലകളിലാകും. നിങ്ങള്‍ ഭീകരനാകും. അല്ലെങ്കില്‍ അകം ഭീകരമാകും. അതാണ് പറഞ്ഞത്, ഷാര്‍ളി ഹെബ്‌ദോമാര്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു. അതുവഴി തങ്ങളുടെ തീവ്ര വലതുപക്ഷ അജന്‍ഡകള്‍ക്ക് അഗ്‌നി പകരുന്നു. തീവ്രവാദി ഗ്രൂപ്പുകളാകട്ടെ കാര്‍ട്ടൂണും നോവലും ക്ഷുദ്ര സിനിമകളും ആയുധമാക്കി ആളെക്കൂട്ടുന്നു. ഈ കൂട്ടുകെട്ട് ആത്യന്തികമായി ഗുണം ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികള്‍ക്കും ആയുധ വ്യാപാരികള്‍ക്കുമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാര്‍ട്ടൂണിസ്റ്റുകളെ വധിക്കുന്നതിന് ഹേതുവായി പറയുന്നത് 2011ല്‍ ഷാര്‍ളി ഹെബ്‌ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ആണ്. ഇത്തവണ അവര്‍ പ്രസിദ്ധീകരിച്ചത് ഇസില്‍ മേധാവിയായി അറിയപ്പെടുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ കാര്‍ട്ടൂണ്‍ ആയിരുന്നു. ആക്രമണം ബഗ്ദാദിയുടെ പേരില്‍ എഴുതപ്പെട്ടാല്‍ ഇന്ന് കാണുന്ന പ്രതിഷേധങ്ങള്‍ നിലയ്ക്കുമല്ലോ എന്ന് പേടിച്ചാണ് ആക്രമണത്തിന് തൊട്ടടുത്ത ലക്കത്തില്‍ നബി നിന്ദാ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കിയത്. വരൂ, പ്ലീസ് ഒന്ന് ആക്രമിക്കൂ എന്നാണ് ഷാര്‍ളി ഹെബ്‌ദോ കെഞ്ചുന്നത്.
അരൂപവും ഏകവുമായ ദൈവത്തിന്റെ സ്ഥായിയായ അസ്തിത്വമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. പ്രവാചക ശ്രേഷ്ഠന്‍മാരുടെ ചിത്രങ്ങളും ഭാവനാ സൃഷ്ടികളും ഇസ്‌ലാം കര്‍ശനമായി വിലക്കിയിരിക്കുന്നു. ഇസ്‌ലാമിനെ രൂപങ്ങളുടെ ഇത്തിരിവട്ടത്തിലേക്ക് ചുരുക്കിക്കെട്ടാന്‍ എല്ലാ കാലത്തും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സല്‍മാന്‍ റുഷ്ദി ശ്രമിച്ചതും ജില്ലന്‍ഡ് പോസ്റ്റിലെ കാര്‍ട്ടൂണുകാരന്‍ ശ്രമിച്ചതും ഇതിനാണ്. ലോകമാകെ അക്രമാസക്ത പ്രതിഷേധമുയര്‍ത്തിയ ഇന്നസെന്‍സ് സിനിമയും ചെയ്തത് അതു തന്നെ. ഷാര്‍ളി ഹെബ്‌ദോ ഇതില്‍ ഒടുവിലത്തേതാണ്. ചിത്രകാരന്റെ ദരിദ്ര ഭാവനയില്‍ കുടുങ്ങിപ്പോയ മതങ്ങളുടെ ശ്രേണിയിലേക്ക് ഇസ്‌ലാമിനെ അധഃപതിപ്പിക്കുകയെന്നത് ജൂത, ക്രിസ്ത്യന്‍ തീവ്രവാദികളുടെ സ്വപ്‌നമാണ്. വിശ്വാസിയുടെ മനസ്സിലേക്ക് രൂപം കടത്തി വിട്ട് മലീമസമാക്കുകയെന്നതാണ് ഈ കുടില പ്രത്യയശാസ്ത്രം.
ഫ്രഞ്ച് വിപ്ലവത്തിന്റെ ഉപോത്പന്നമായ ലിബറല്‍ സാമൂഹിക രാഷ്ട്രീയ ഘടനയില്‍നിന്ന് അകന്ന് ഫ്രാന്‍സ് അത്യന്തം അപകടകരമായ രൂപമാറ്റങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കൂട്ടക്കുഴപ്പങ്ങള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്തൊക്കെ വിമര്‍ശങ്ങള്‍ ഉണ്ടെങ്കിലും ഫ്രഞ്ച് സമൂഹത്തിന്റെ ഉദാര, ഉള്‍ക്കൊള്ളല്‍ ശേഷിയുടെ തെളിവ് തന്നെയാണ് ഏറ്റവും ശക്തമായ മുസ്‌ലിം ജനത നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറി എന്നത്. സ്വതന്ത്രമായ കുടിയേറ്റത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും ഭാഗമായി തന്നെയാണ് അത് സാധ്യമായത്. സര്‍ക്കോസി പ്രസിഡന്റായിരുന്ന വര്‍ഷങ്ങളിലാണ് “മുസ്‌ലിം വ്യാപനത്തിന്റെ അപകട”ങ്ങളെക്കുറിച്ച ചര്‍ച്ച ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ബുര്‍ഖവിരുദ്ധ പ്രചാരണങ്ങളും നിയമനിര്‍മാണങ്ങളും അതിന്റെ ഭാഗമായിരുന്നു. തീവ്രവലതുപക്ഷ കക്ഷിയായ നാഷനല്‍ ഫ്രണ്ടും സമാന ചിന്താഗതിക്കാരും മറയില്ലാതെ രംഗപ്രവേശം ചെയ്തുതുടങ്ങിയതും ഈ ഘട്ടത്തിലാണ്. ഫ്രഞ്ച് ഭാഷയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള നോവലിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈക്കേല്‍ ഹൗല്ലബെക്കിന്റെ ഏറ്റവും പുതിയ നോവലിന്റെ ഇതിവൃത്തം ഇസ്‌ലാം പേടിയാണ് എന്നതും ശ്രദ്ധിക്കണം. ഫ്രാന്‍സ് ഒരു “മുസ്‌ലിം രാഷ്ട്ര”മാകാന്‍ പോകുന്നുവെന്നും ഒരു മുസ്‌ലിം ഭരണാധികാരി ഭരിക്കാന്‍ പോകുന്നുവെന്നുമാണ് “സൗമിഷന്‍” എന്ന നോവല്‍ ഭീതികൊള്ളുന്നത്. എല്ലാ സ്ത്രീകളും നിഖാബ് അണിയേണ്ടിവരുമെന്നും നിയമങ്ങളെല്ലാം ശരീഅത്തിന് വഴിമാറുമെന്നും സൗമിഷന്‍ പ്രവചിച്ച് കളയുന്നു. വെറുമൊരു നോവലോ അലസഭാവനയോ അല്ല അത്. ഇസ്‌ലാമോഫോബിയയുടെ വിഷമാണതില്‍ നിറയെ. ഫ്രഞ്ച് മുസ്‌ലിംകളെ പൊതു സമൂഹത്തില്‍ നിന്ന് ആട്ടിയോടിക്കലാണ് അതിന്റെ ലക്ഷ്യം. സാഹിത്യ സൃഷ്ടികള്‍, അതിന്റെ ഉള്ളടക്കം എന്തുമാകട്ടേ, അവ സമൂഹത്തിന്റെ പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. ഫ്രാന്‍സിന്റെ ജനിതക പാരമ്പര്യമായ വിശാല ബോധങ്ങളില്‍ നിന്ന് അനേക കാതമകന്ന് അങ്ങേയറ്റം കുടുസ്സായ ചിന്തയിലേക്ക് അവിടെയുള്ള ഭൂരിപക്ഷ സമൂഹം ചുരുങ്ങുകയും ഭയാശങ്കക്കടിമപ്പെട്ട ഒരു ജനതയായി അത് അധഃപതിക്കുകയും ചെയ്യുന്നുവെന്ന് ഈ നോവലിന്റെ സ്വീകാര്യത വ്യക്തമാക്കുന്നുണ്ട്. അമേരിക്ക നടത്തുന്ന എല്ലാ പുറം യുദ്ധങ്ങളിലും ഫ്രാന്‍സ് മുമ്പൊരു കാലത്തുമില്ലാത്തവിധം പങ്കെടുക്കുന്നുവെന്ന് കൂടി മനസ്സിലാക്കണം. സിറിയയില്‍ ഫ്രാന്‍സുണ്ട്. ഇസില്‍വിരുദ്ധ ദൗത്യത്തിലും അവരുണ്ട്. ലിബിയയില്‍ അവരുണ്ടായിരുന്നു. ഈ പങ്കാളിത്തം കൂടുതല്‍ അക്രമാസക്തമാകാനിരിക്കുകയുമാണ്.
ഈ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണിസ്റ്റ് ഘാതകരായ വിഡ്ഢികള്‍ മുസ്‌ലിം സമൂഹത്തിന് ചെയ്ത “സേവന”ത്തിന്റെ ഭീകരത വിലയിരുത്തേണ്ടത്. പ്രവാചകന്റെ പ്രതിച്ഛായ കാക്കാന്‍ ഇവരെ ആരാണ് ഏല്‍പ്പിച്ചത്? ലോകത്തുടനീളം പാരമ്പര്യ വിശ്വാസത്തിന്റെ ശത്രുക്കളായ ഇവര്‍ ഏത് ഇസ്‌ലാമിനെക്കുറിച്ചാണ് പറയുന്നത്? 2011 ല്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന് ഇന്ന് പകരം ചോദിക്കുന്നത് എന്തുകൊണ്ട്? ആര്‍ക്ക് വേണ്ടിയാണ് ഇവര്‍ ബോംബ് പൊട്ടിക്കുന്നത്? യൂറോപ്പിലെ മുസ്‌ലിംകളെ കൂടുതല്‍ അരക്ഷിതരാക്കുകയല്ലേ ഇക്കൂട്ടര്‍ ചെയ്തത്? സംശയത്തിന്റെയും വെറുപ്പിന്റെയും ഭീതിയുടെയും ആയുധങ്ങള്‍ കാട്ടി മുസ്‌ലിം ജനസാമാന്യത്തെ ജൂത- ക്രൈസ്തവ തീവ്രവാദികള്‍ സമൂഹത്തിന്റെ പുറം പോക്കിലേക്ക് ആട്ടിയോടിക്കുന്നു. മതേതര, ഉദാര സമീപനം പുലര്‍ത്തുന്ന സോഷ്യലിസ്റ്റുകളെയും ലിബറലുകളെയും രാഷ്ട്രീയമായി തകര്‍ക്കാന്‍ തീവ്രവലതുപക്ഷക്കാര്‍ക്ക് മണ്ണൊരുക്കുകയാണ് ഈ കൊലയാളികള്‍ ചെയ്യുന്നത്. നെതന്യാഹുവിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും അപ്പോസ്തലനാകാന്‍ അവസരമൊരുക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ കൂടുതല്‍ ആയുധമിറക്കി അസ്ഥിരത സൃഷ്ടിക്കാന്‍ ന്യായങ്ങളൊരുക്കുന്നു. പൗരന്‍മാരുടെ നികുതിപ്പണം ആക്രമണമുനകളില്‍ തുലച്ചുകളയുന്ന ഭരണാധികാരികള്‍ക്ക് കിടിലന്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കുന്നു. കാര്‍ട്ടൂണിസ്റ്റുകളെ വധിച്ചത് യമനിലെ അല്‍ ഖാഇദാ വിഭാഗമാണ് പോലും. അവര്‍ ആരുമാകട്ടേ. അവരുടെ കൂറ് സയണിസത്തോടും സാമ്രാജ്യത്വത്തോടും മാത്രമാണ്. അവര്‍ക്ക് ചോറും അവിടെ നിന്ന് തന്നെ. ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് ക്വട്ടേഷന്‍ എടുത്തവരാണിവര്‍.
ഒടുവില്‍ കിട്ടിയത്: എരിത്രിയന്‍ മുസ്‌ലിം യുവാവിനെ ജര്‍മനിയില്‍ കുത്തിക്കൊന്നു. ബെല്‍ജിയത്തില്‍ ഭീകരാക്രമണ പദ്ധതി പൊളിച്ചു പോലും. യൂറോപ്യന്‍ നഗരങ്ങളിലാകെ വ്യാപക അറസ്റ്റ് നടക്കുന്നു. നൈജറില്‍ ഒരു സംഘം പ്രതിഷേധക്കാര്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചിരിക്കുന്നു. കറാച്ചിയില്‍ പ്രതിഷേധം അക്രമാസക്തം. ആവിഷ്‌കാരവാദികള്‍ക്കും കാര്‍ട്ടൂണിസ്റ്റ് ഘാതകര്‍ക്കും സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്