Connect with us

International

ഭീതി പരത്തി ശ്രീലങ്കയില്‍ അജ്ഞാത വൃക്കരോഗം

Published

|

Last Updated

രജംഗനയ: ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ അജ്ഞാത വൃക്ക രോഗം ഭീതി പരത്തുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 20000ത്തോളം പേര്‍ ഈ അജ്ഞാത രോഗം കാരണം മരിക്കുകയും 40ലക്ഷത്തോളം പേര്‍ രോഗത്തിന്റെ പിടിയില്‍പ്പെട്ട് കഴിയുകയും ചെയ്യുകയാണ്.
ശ്രീലങ്കയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ ഇവിടെ ഏറെക്കാലമായി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷി നടന്നുവരുന്നതൊഴിച്ചാല്‍, അസുഖത്തിന് ഇടയാക്കിയേക്കാവുന്ന മറ്റ് കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരോ മാസവും പത്തോളം പേരാണ് ഈ അജ്ഞാത വൃക്കരോഗം മൂലം ഇവിടെ മരിക്കുന്നത്. മുപ്പത് വയസ്സില്‍ താഴെയുള്ളവരാണ് മരിച്ചവരില്‍ അധികം എന്നതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ പുറത്തുകാട്ടാതെ ആകസ്മിക മരണങ്ങളാണ് എന്നതിനാല്‍ ചികിത്സ പോലും സാധ്യമാകുന്നില്ല.
രോഗഭീതിയിലായ നാട്ടുകാര്‍ ചെറിയ അസ്വസ്ഥതകള്‍ വരുമ്പോള്‍ പോലും അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയെത്തുന്ന സ്ഥിതിയാണിപ്പോള്‍. രാജംഗനയയിലുള്ള ചെറിയ ഡിസ്പന്‍സറിയില്‍ പോലും പുലര്‍ച്ചെ തന്നെ നിരവധി പേരാണ് പരിശോധനകള്‍ക്കും ചികിത്സക്കുമായെത്തുന്നത്. തൊട്ടയല്‍വാസികളും ബന്ധുക്കളും വൃക്കരോഗം ബാധിച്ച് കണ്‍മുന്നില്‍ മരിക്കുന്നതു കണ്ട ഭയാശങ്കയിലാണ് നാട്ടുകാര്‍ ഒന്നാകെ ആശുപത്രികളിലേക്ക് എത്തുന്നത്. നൂതന കൃഷിരീതി അവലംബിച്ചതുവഴി കുടിവെള്ളത്തില്‍ കലര്‍ന്ന കീടനാശിനികളാകാം അസുഖ കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. മരണഭയം മൂലം പ്രദേശത്തുകാര്‍ തടാകങ്ങളില്‍ നിന്നു പിടിക്കുന്ന മത്സ്യം, വീടുകളില്‍ വാറ്റുന്ന ചാരായം, അലൂമിനിയം പാത്രങ്ങള്‍ എന്നിവ പാടേ ഉപേക്ഷിച്ചു. എന്നാല്‍ മരണത്തിനോ അസുഖ ബാധയ്‌ക്കോ ഒരു കുറവും വന്നിട്ടില്ല.
സമാനമായ അസുഖം ബാധിച്ച് മധ്യ അമേരിക്ക, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ മൂന്ന് ജില്ലകളില്‍ ലോകാരോഗ്യ സംഘടന രണ്ട് വര്‍ഷം മുമ്പ് നടത്തിയ പരിശോധനകളില്‍ പ്രായപൂര്‍ത്തിയായവരില്‍ 15 ശതമാനത്തോളം ആളുകള്‍ വൃക്ക രോഗം ബാധിച്ചവരാണെന്ന് കണ്ടെത്തിയിരുന്നു. കുടിവെള്ളം തന്നെയാണ് പ്രധാന രോഗകാരണം എന്ന് കരുതുമ്പോഴും മറ്റ് മൂലകങ്ങളും രോഗകാരണമായേക്കാമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് പഠനം നടത്തിയ ശാന്തി മെന്‍ഡിസ് പറയുന്നു. രോഗകാരണം എന്തു തന്നെയായാലും രണ്ട് പ്രധാന കാര്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണമെന്നാണ് അവര്‍ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഒന്ന് ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയെന്നതാണ്. ജൈവ രാസപദാര്‍ഥങ്ങളുടെ നിയന്ത്രണമാണ് മറ്റൊന്ന്.

---- facebook comment plugin here -----

Latest