Connect with us

Gulf

ഭക്ഷ്യ സാധനങ്ങള്‍ കടത്തുന്ന നിയമ വിധേയമല്ലാത്ത 365 വാഹനങ്ങള്‍ പിടികൂടി

Published

|

Last Updated

ദുബൈ: ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന നിബന്ധനകള്‍ പാലിക്കാത്ത 365 വാഹനങ്ങള്‍ നഗരസഭയിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. ദുബൈ പോലീസ്, ആര്‍ ടി എ എന്നിവയുടെ സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍ അധികൃതര്‍ പിടികൂടിയത്.
ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടുപോകാന്‍ നഗരസഭ മുമ്പോട്ടുവെച്ച നിയമാവലികള്‍ ലംഘിച്ച് നിരത്തിലിറക്കിയ വാഹനങ്ങളാണ് പിടിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ വലയിലായത്. ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ആവശ്യമായ ലൈസന്‍സ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് തരപ്പെടുത്താത്ത വാഹനങ്ങളാണ് പിടിക്കപ്പെട്ടതിലധികവുമെന്ന് ഫുഡ് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു.
ദുബൈ അവീറിലെ പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റിയാണ് അധികൃതര്‍ കാര്യമായും പരിശോധന നടത്തിയത്. ഈ ഭാഗത്ത് മാത്രം 1,100 വാഹനങ്ങള്‍ പരിശോധിച്ചതായി ഫുഡ് കണ്‍ട്രോള്‍ വിഭാഗം തലവന്‍ സുല്‍താന്‍ അല്‍ താഹിര്‍ അറിയിച്ചു. നിബന്ധനകള്‍ പാലിക്കാത്ത മുഴുവന്‍ വാഹന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എത്രയും പെട്ടെന്ന് ഭക്ഷ്യ സാധനങ്ങള്‍ കടത്തുന്നത് നിയമ വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്‍ താഹിര്‍ പറഞ്ഞു.
നിയമ വിധേയമല്ലാതെ ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കായി ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സിനു പുറമെ വാഹനങ്ങളുടെ എയര്‍ കണ്ടീഷന്‍ സൗകര്യം, വാഹനങ്ങളുടെ വൃത്തി എന്നിവയും ഫുഡ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മലയാളികളുള്‍പ്പെടെ നിരവധിപേര്‍ ജോലി ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മേഖലയാണിത്.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി അവീര്‍ മാര്‍ക്കറ്റില്‍ നിന്ന് പഴവും പച്ചക്കറികളും മറ്റു ഭക്ഷ്യ സാധനങ്ങളുമെടുത്ത് വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കുന്നവരാണ് പരിശോധനക്ക് വിധേയരാകുന്നത്.

Latest