Connect with us

Ongoing News

നദീ സംയോജനം: പരിസ്ഥിതി പഠനത്തിനായി തമിഴ്‌നാട് സംഘത്തിന്റെ രഹസ്യ സന്ദര്‍ശനം

Published

|

Last Updated

പത്തനംതിട്ട: പമ്പ- അച്ചന്‍ കോവില്‍- വൈപ്പാര്‍ നദി സംയോജനം നടത്തുന്നത് കേരളത്തിന് കടുത്ത പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്ന വാദത്തിനെതിരെ തമിഴ്‌നാട് പുതിയ പഠന സംഘത്തെ നിയോഗിച്ചു. കര്‍ണാടക ആസ്ഥാനമാക്കിയുള്ള കമ്പനിക്കാണ് പഠന ചുമതല. ഇതിന് പുറമെ വി ഐ ടി, റൂക്കി, ഐ ഐ ടി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ എന്‍ജിനീയര്‍മാരും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന് നദീസംയോജനത്തിലൂടെ കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നുള്ള വാദത്തെ എതിര്‍ക്കാനാണ് പുതിയ സംഘത്തെ തമിഴ് നാട് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.

പഠനത്തിനായി ആദ്യ സംഘം പമ്പ, അച്ചന്‍ കോവില്‍ നദികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കുട്ടനാട്, ആലപ്പുഴ, പത്തനംതിട്ടയുടെ കിഴക്കന്‍ വനമേഖലകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. എന്നാല്‍, കേരളത്തിലെ ജല വിഭവവകുപ്പ് ഈ സന്ദര്‍ശനം അറിഞ്ഞിരുന്നില്ല. പമ്പയാറിന്റെ ഉദ്്ഭവമേഖലകളായ ശബരിമല താഴ്‌വാരങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ വനപാലകര്‍ സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് തമിഴ് നാട്ടില്‍ നിന്നുള്ള പരിശോധന സംഘമാണ് തങ്ങളെന്ന് ഉദ്യോഗസ്ഥര്‍ വെളുപ്പെടുത്തിയത്.
എന്നാല്‍ ഇക്കാര്യം വനപാലകര്‍ ഒരു മാസത്തിന് ശേഷമാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് റിപ്പോര്‍ട്ട് ചെയ്തത്. ത്രിമാന മാപ്പിംഗ്, ലേസര്‍ സര്‍വേ അനലൈസര്‍ , ഡ്രോണ്‍ , ജി പി എസ് ട്രാക്കിംഗ്് സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളുമായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. പമ്പയുടെ പ്രധാന പോഷക നദിയായ കല്ലാറിലെ പുന്നമേട്ട്, ചിറ്റാര്‍ മൂഴിയില്‍ എന്നിവിടങ്ങളില്‍ അണകെട്ടാനുള്ള സ്ഥലത്തിന്റെ ആകാശ തല മാപ്പിംഗ് നടത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കൂടാതെ ആലപ്പുഴ- കുട്ടനാട് മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
സംഘത്തോടൊപ്പം കെ എസ് ഇ ബിയില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതിനോടകം തമിഴ് നാട്ടിലെ മേക്കരയില്‍ ഹനുമാന്‍ തോടിന് കുറുകെയായി 63.50 കോടി രൂപ മുതല്‍ മുടക്കി തമിഴ്‌നാട് ഡാം നിര്‍മ്മിച്ചു കഴിഞ്ഞു . ഇതിന്റെ എക്‌സ് റേ പരിശോധന കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തികരിച്ചിരുന്നു. 174 ദശലക്ഷം ഘനയടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. ജലാശയ വിസ്തീര്‍ണം 70 ഏക്കറാണ്. ,
ഇവിടെ നിന്ന് വൈപ്പാര്‍ നദിയിലേക്കുള്ള കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലയിലാണ്. ഇനി നദി സംയോജനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പുന്നമേട്, ചിറ്റാര്‍, അച്ചന്‍ കോവില്‍ എന്നിവിടങ്ങളില്‍ ഡാമുകള്‍ നിര്‍മിക്കുക മാത്രം ചെയ്താല്‍ മതിയാകും. ഇതിനായിട്ടാണ് സംഘം ഇവിടങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന . അതേ സമയം തമിഴ് നാട്ടില്‍ നിന്നുള്ള പഠന സംഘമെത്തിയത് കേരളസര്‍ക്കാര്‍ അവഗണിക്കുകയാണ് ഉണ്ടായിരിക്കുന്നത്.
പമ്പ അച്ചന്‍ കോവില്‍ നദികളിലായി 3124 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നും ഇതിന്റെ 20ശതമാനം 634 ദശലക്ഷം ഘനമീറ്റര്‍ ജലം തമിഴ് നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക് ഗതി മാറ്റണമെന്നും ദേശിയ ജലവികസന ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest