Connect with us

Kerala

കൗമാര മഹാ മേളക്ക് സാമൂതിരിയുടെ മണ്ണില്‍ തിരിതെളിയാന്‍ ഇനി രണ്ട് നാള്‍

Published

|

Last Updated

കോഴിക്കോട്: കൗമാര മഹാമേളക്ക് സാമൂതിരിയുടെ മണ്ണില്‍ തിരിതെളിയാന്‍ ഇനി രണ്ട് നാള്‍. കലയുടെ പുതിയ രാപ്പകലുകള്‍ സമ്മാനിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ നെഞ്ചേറ്റാന്‍ കോഴിക്കോട് നഗരം ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലാകെ കലോത്സവ പ്രതിഭകളെ സ്വാഗതം ചെയ്തുള്ള കമാനങ്ങളും തോരണങ്ങളും നിറഞ്ഞു. സ്‌കൂള്‍ കലോത്സവ ചരിത്രത്തിലെ ഹൈടെക് കലോത്സവമായാകും 55-ാമത് കലോത്സവത്തെ ചരിത്രം രേഖപ്പെടുത്തുക.
ഇതിനുള്ള ഒരുക്കങ്ങളാണ് സംഘാടകരുടെയും അണിയറ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ത്വരിതഗതിയില്‍ നടക്കുന്നത്. വേദികളുടെയും മറ്റും ഡക്കറേഷന്‍ ജോലികളും ഇതിനകം പൂര്‍ത്തിയായി. ഇനി മിനുക്ക് പണികള്‍ മാത്രം. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. കോഴിക്കോടിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലാണ് ആറു നില പൂരപ്പന്തല്‍ ഒരുക്കിയിരിക്കുന്നത്. പന്തലിന്റെ അലങ്കാരപ്പണികള്‍ നാളെയോടെ പൂര്‍ത്തിയാകും. 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍ പതിനായിരത്തോളം പേര്‍ക്ക് കലാപരിപാടികള്‍ ആസ്വദിക്കാവുന്ന സൗകര്യമുണ്ട്. 450 അടി നീളത്തില്‍ ചുമര്‍ ചിത്ര മാതൃകകള്‍, പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം പന്തലില്‍ ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക, വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട മ്യൂറല്‍ ചിത്രങ്ങളാല്‍ പന്തല്‍ അലങ്കരിക്കും.
കലാ പ്രതിഭകളെ ആവേശത്തിലാഴ്ത്തി വിജയികള്‍ക്കുള്ള സ്വര്‍ണ കപ്പുമായുള്ള നഗരപ്രദക്ഷിണം ഇന്നലെ നടന്നു. കഴിഞ്ഞ വര്‍ഷത്തെ കലോത്സവ വിജയികളുടെ പക്കല്‍ നിന്നും സ്വര്‍ണകപ്പ് വാങ്ങി കലോത്സവം നടക്കുന്ന ജില്ലയിലെത്തിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രദക്ഷിണം. കോഴിക്കോട് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണക്കപ്പ് നിരവധി വാഹനങ്ങളുടേയും പ്രമുഖരുടേയും അകമ്പടിയോടെയാണ് നഗരപ്രദക്ഷിണം നടത്തിയത്. മുന്നില്‍ കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വാഹനം, പിന്നാലെ ഒമ്പത് ബൈക്കുകളും രണ്ട് കാറും പ്രദക്ഷിണത്തില്‍ അണിനിരന്നു. അതിന് പിറകില്‍ വാദ്യമേളവും, രണ്ട് കാറുകളും, പിറകില്‍ മേയര്‍ സഞ്ചരിച്ച തുറന്ന ജീപ്പും പോലീസ് വാഹനങ്ങളും നീങ്ങി.
ഇതിന് പിന്നാലെയായിരുന്നു സ്വര്‍ണക്കപ്പ് വഹിച്ച വാഹനം. വൈകീട്ട് മൂന്നോടെ ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ച നഗരപ്രദക്ഷിണം എസ് എം സ്ട്രീറ്റ്, ചിന്താവളപ്പ്, മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ്, ക്രിസ്ത്യന്‍ കോളജ്, ഇംഗ്ലീഷ് പള്ളി, ഹെഡ്‌പോസ്റ്റ് ഓഫീസ് വഴി സഞ്ചരിച്ച് മാനാഞ്ചിറയില്‍ സമാപിച്ചു. നഗരപ്രദക്ഷിണത്തിന്റെ ഫഌഗ് ഓഫ് കര്‍മം മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു.

Latest