Connect with us

Malappuram

പട്ടയ വിതരണം 15ന് മലപ്പുറത്ത്

Published

|

Last Updated

പെരിന്തല്‍മണ്ണ: കാഞ്ഞിരക്കുന്ന് കോളനിവാസികള്‍ക്ക് ഒടുവില്‍ പട്ടയമായി. ഈമാസം 15ന് മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് പട്ടയം വിതരണം ചെയ്യും.
നഗരസഭയില്‍ ജൂബിലി റോഡില്‍ ചേരിയില്‍ താമസിച്ചിരുന്ന 30ഓളം വരുന്ന കുടുംബങ്ങളെ റോഡ് വികസനത്തിന്റെ പേരില്‍ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് തേക്കിന്‍കോട്-കാഞ്ഞിരക്കുന്ന് കോളനിയിലേക്ക് നഗരസഭ മാറ്റി പാര്‍പ്പിച്ചിരുന്നു. ചേരി നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് മൂന്ന് ഏക്കര്‍ വരുന്ന സ്ഥലം അന്നത്തെ കെ ടി പ്രേമലതയുടെ നേതൃത്വത്തിലുള്ള നഗരസഭ വിലക്ക് വാങ്ങി അര കോടിയോളം രൂപ ചെലവഴിച്ച് അക്കൂട്ടര്‍ക്ക് വീടും വെച്ച് നല്‍കിയാണ് പുനരധിവസിപ്പിച്ചത്. നഗരസഭയുടെ പേരിലുള്ള പ്രസ്തുത സ്ഥലത്തിന് പുനരധിവസിക്കപ്പെട്ടവരുടെ പേരില്‍ പട്ടയമനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി നീണ്ട 15 വര്‍ഷമാണ് ഈ പാവപ്പെട്ട കുടുംബങ്ങള്‍ കാത്തുനിന്നത്. രേഖകള്‍ ഒന്നുംതന്നെ ലഭിക്കാത്ത കാരണത്താല്‍ ഈ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിരന്തരം നിവേദനങ്ങളും പരാതികളും നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2012 നവംബര്‍ 28ന് മന്ത്രി എം അലിയുടെ സമ്മര്‍ദം കാരണം സര്‍ക്കാര്‍ മൂന്ന് സെന്റ് സ്ഥലം വീതം 30 കുടുംബങ്ങള്‍ക്ക് പതിച്ച് പട്ടയം നല്‍കുന്നതിന് നഗരസഭക്ക് അനുമതി നല്‍കി ഉത്തരവിറക്കിയെങ്കിലും വീണ്ടും ചുവപ്പ് നാടക്കുള്ളില്‍ കുരുങ്ങി അത് നീളുകയായിരുന്നു. റവന്യൂവകുപ്പിന്റെ പിടിപ്പുകേട് മൂലമാണ് പട്ടയം നല്‍കാന്‍ കാലതാമസമെന്ന് മുനിസിപ്പല്‍ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തി.
സമര കോലാഹലങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ സൃഷ്ടിച്ചു. ഒടുവില്‍ കാഞ്ഞിരംകുന്ന് കോളനിക്കാരുടെ ചിരകാലാഭിലാഷം പൂവണിയുകയാണ്.