Connect with us

Kerala

മതിയായ രേഖകളില്ല; കെ ജി എസിന്റെ അപേക്ഷ മടക്കി

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം നിര്‍മിക്കാന്‍ പാരിസ്ഥിതിക അനുമതി തേടി കെ ജി എസ് ഗ്രൂപ്പ് നല്‍കിയ പുതിയ അപേക്ഷ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക ആഘാത അവലോകന സമിതി മടക്കി. മതിയായ രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് ഈ മാസം ആറിന് ചേര്‍ന്ന യോഗം അപേക്ഷ തിരിച്ചയച്ചത്. ഭൂമി നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നതുള്‍പ്പെടെ വിശദമായ രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ കെ ജി എസിന് വീണ്ടും അനുമതിക്ക് അപേക്ഷിക്കാമെന്നും വനം, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ലഭിച്ചിരുന്ന പാരിസ്ഥിതിക അനുമതി ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ ഏജന്‍സിയുടെ നേതൃത്വത്തില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തി കെ ജി എസ് അപേക്ഷ നല്‍കിയത്.

490 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളത്തിന് 550 കോടി രൂപ ചെലവ് വരുമെന്നാണ് അപേക്ഷയിലുള്ളത്. 490 ഏക്കറില്‍ അമ്പത് ഏക്കര്‍ തരിശു ഭൂമിയും 41 ഏക്കര്‍ റബ്ബര്‍ പ്ലാന്റേഷനുമാണെന്നും 54 ഏക്കര്‍ നിലം നികത്തിയതാണെന്നും കാണിച്ചിരുന്നു. കൃഷിയോഗ്യമല്ലാത്ത 325 ഏക്കറും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുമെന്നും അപേക്ഷയിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഉള്‍പ്പെട്ടതാണ് പദ്ധതി പ്രദേശം. ഇതില്‍ 66 ശതമാനവും കൃഷിയോഗ്യമല്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിലം നികത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എന്‍ ഒ സി ഇല്ലാതിരുന്നതും അപേക്ഷ നിരസിക്കാന്‍ ഇടയാക്കി.
പദ്ധതിക്കെതിരായി വിവിധ കോടതികളില്‍ പത്ത് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വ്യാപകമായി നിലം നികത്തിയിട്ടുണ്ടെന്നും അപേക്ഷ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് ആറന്മുള പൈതൃക സംരക്ഷണ സമിതിയും വനം, പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ പട്ടിക പ്രകാരം നിര്‍ദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന ആറന്മുള വില്ലേജില്‍ ചതുപ്പു നിലം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പദ്ധതി പ്രദേശത്തു കൂടി കടന്നു പോകുന്ന കോഴിത്തോട് വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്നതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ട് പലസ്ഥലങ്ങളിലായി കെട്ടിനില്‍ക്കുകയാണെന്നുമാണ് അപേക്ഷയില്‍ കെ ജി എസ് വാദിച്ചിരുന്നത്. തോടിന്റെ ഒഴുക്കിനെ ബാധിക്കാത്ത നിലയിലാകും റണ്‍വേ നിര്‍മിക്കുകയെന്നും പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പത്ത് ശതമാനം ഓഹരി പങ്കാളിത്തം ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും എന്‍ ഒ സി ഹാജരാക്കിയിരുന്നില്ല.നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയ എന്‍വിറോകെയര്‍ എന്ന സ്ഥാപനത്തിന് മതിയായ യോഗ്യതയില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ ഏജന്‍സിയെയാണ് പഠനത്തിനായി സമീപിച്ചത്.