Connect with us

Gulf

മനുഷ്യാവസ്ഥയുടെ പരിഛേദമായി 'സൂചിക്കുഴയില്‍ ഒരു യാക്കോബ്'

Published

|

Last Updated

അബുദാബി: പ്രശസ്ത കഥാകാരന്‍ ടി വി കൊച്ചുബാവയുടെ ചെറുകഥയെ ആസ്പദമാക്കി രാജീവ് മുളക്കുഴ രചനയും സംവിധാനവും നിര്‍വഹിച്ച “സൂചിക്കുഴയില്‍ ഒരു യാക്കോബ്” മുനുഷ്യാവസ്ഥയെ തുറന്നുകാണിക്കുന്നതായിരുന്നു. കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചു വരുന്ന ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ക്ലാപ്പ് ക്രിയേഷന്‍സാണ് നാടകം രംഗത്തവതരിപ്പിച്ചത്.
പാപകര്‍മങ്ങള്‍ മാത്രം ചെയ്ത യാക്കോബ് മുതലാളിയുടെ സ്വപ്‌നത്തില്‍ മാലാഖ പ്രത്യക്ഷപ്പെടുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതെന്ന വിശ്വാസം യാക്കോബ് മുതലാളിയെ വല്ലാതെ അസ്വസ്ഥനാക്കുന്നു.
യാക്കോബ് മുതലാളിയായി വേഷമിട്ട ഫൈസല്‍ കള്ളിവളപ്പില്‍ കഥാപാത്രമായി അരങ്ങത്ത് നിറഞ്ഞുനിന്നു. ജോസി, അനൂപ്, പ്രസന്ന, ഹേമ, ദീപ, നവീന്‍, ഉമ്മര്‍, രാജേഷ്, ശ്രീരാജ് എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.
അണിയറയില്‍ അന്‍വര്‍ ബാബു (സംഗീതം), റഹ്മത്തലി കാതിക്കോടന്‍ (പ്രകാശവിതനം), രാജീവ് മുളക്കുഴ (രംഗസജ്ജീകരണം), മധു (ചമയം) എന്നിവര്‍ പ്രവര്‍ത്തിച്ചു.
ഭരത് മുരളി നാടകോത്സവത്തിലെ സമാപന നാടകമായ ജി. ശങ്കരപ്പിള്ളയുടെ “ഹംസഗീതം” ഇന്നലെ രാത്രി നടന്നു. സുവീരന്റെ സംവിധാനത്തില്‍ തിയേറ്റര്‍ ദുബൈയാണ് അരങ്ങത്തെത്തിച്ചത്.