Connect with us

Ongoing News

തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും: കേന്ദ്ര മന്ത്രി

Published

|

Last Updated

തിരുവനന്തപുരം:കൃഷി ഉള്‍പ്പെടെയുള്ള ചില വകുപ്പുകളെ കൂടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി വീരേന്ദര്‍ സിംഗ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നടപടികളുമായി മുന്നോട്ടു പോകും. നിലവിലെ മാര്‍ഗ രേഖ അനുസരിച്ച് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന്് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ഗ്രാമ വികസന മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന സമ്മേളനത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമ വികസന മന്ത്രിമാര്‍ ഭേദഗതി ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി, ജലസേചനം, വനം തുടങ്ങിയ വിവിധ വകുപ്പുകളെക്കൂടി ഉള്‍പ്പെടുത്തുന്നകാര്യം പ്രത്യേകം പരിഗണിക്കും. ഈ മാസം 20ന് ബീഹാറിലെ പാറ്റ്‌നയില്‍ നടക്കുന്ന ഗ്രാമവികസന മന്ത്രിമാരുടെ മൂന്നാമത് യോഗത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഭേദഗതിള്‍ വരുത്തുക.
അതേസമയം, കുടുംബശ്രീക്ക് കീഴില്‍ വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ 90 ശതമാനം സത്രീകളുടെ സാന്നിധ്യമുണ്ടെന്നതും ശ്രദ്ധേയമായമാണ്. എങ്കിലും തൊഴിലുറപ്പു പദ്ധതിയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഗ്രാമീണ മേഖലയില്‍ വര്‍ഷം 100 തൊഴില്‍ ദിനങ്ങളെന്നത് ഗ്രാമീണ ജനതയുടെ അവകാശമാണ്. ഗ്രാമ പഞ്ചായത്തുകളെയെല്ലാം ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരും. ഇനിയും വികസനം എത്താത്ത 2500 ബ്ലോക്ക് പഞ്ചായത്തുകളെക്കൂടി പദ്ധതിയില്‍ പങ്കാളികളാക്കും. ശേഷിക്കുന്ന മറ്റ് നാലായിരത്തോളം ബ്ലോക്കുകള്‍ക്ക് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, ഗ്രാമവികസനവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവരും പങ്കെടുത്തു.

Latest