Connect with us

National

ഒബാമയുടെ സന്ദര്‍ശനം: സുരക്ഷക്ക് നിരീക്ഷണ സാറ്റലൈറ്റുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷാ സംവിധാനമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യത്ത് ഒരുക്കുന്നത്. ഒബാമയുടെ ഓരോ ചലനവും അറിയുന്നതിനായി നിരീക്ഷണ സാറ്റലൈറ്റുകള്‍ സീക്രട്ട് സര്‍വീസ് സംവിധാനിക്കും. സീക്രട്ട് സര്‍വീസിന്റെ ഒരു സംഘം രാജ്യത്തെത്തി ഒബാമ പോകുന്നിടത്തെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളോടൊപ്പമാണ് സംഘത്തിന്റെ പ്രവര്‍ത്തനം.
രാജ്പഥിലേക്കുള്ള യാത്രയിലും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമൊപ്പം വേദിയില്‍ ഇരിക്കുമ്പോഴും നിരീക്ഷണ സാറ്റലൈറ്റ് പ്രവര്‍ത്തിക്കും. നിരവധി സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് പുറമെ നാവിക സേനയുടെയും മറ്റ് സ്‌പെഷ്യല്‍ സേനകളുടെയും സംഘങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ട്. കെട്ടിടങ്ങളില്‍ മുകളില്‍ നിലയുറപ്പിക്കുന്ന സ്‌നിപ്പര്‍മാരടങ്ങിയ പ്രത്യേക സംഘവും ഡോഗ് സ്‌ക്വാഡും സുരക്ഷാ സംവിധാനമൊരുക്കാന്‍ എത്തും. ഒബാമയുടെ സുരക്ഷയൊരുക്കുന്ന ഒന്നാം നിരയില്‍ അമേരിക്കന്‍ സൈന്യം തന്നെയായിരിക്കും. എന്‍ എസ് ജി കമാന്‍ഡോകള്‍ രണ്ടും മൂന്നും നിരയിലും ഡല്‍ഹി പോലീസ് അതിന് ശേഷവും ആയിരിക്കും അണിനിരക്കുക.