Connect with us

Gulf

വര്‍ഷത്തിലെ ആദ്യ ട്രാഫിക് ബോധവത്കരണവുമായി അബുദാബി പോലീസ്

Published

|

Last Updated

അബുദാബി: 2015ലെ ആദ്യ ട്രാഫിക് സുരക്ഷാ ബോധവത്കരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. കാല്‍നടയാത്രക്കാരുടെ സുരക്ഷയാണ് ക്യാമ്പയിനിന്റെ പ്രമേയം. വര്‍ഷാദ്യം മുതല്‍ തുടര്‍ച്ചയായ മൂന്ന് മാസമാണ് കാലപരിധിയെന്ന് മന്ത്രാലയത്തിലെ ട്രാഫിക് കോ-ഓര്‍ഡിനേറ്റര്‍ മേജര്‍ ഗൈത് ഹസന്‍ അല്‍ സആബി അറിയിച്ചു.
സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ലക്ഷ്യം വെച്ചാണ് ബോധവത്കരണ ക്യാമ്പയിന്‍ നടത്തുന്നത്. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് അവരും മറ്റു മുഴുവന്‍ വിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ എപ്പോഴും അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ വാഹനമോടിക്കുന്നവര്‍ തയ്യാറാകണമെന്ന് ക്യാമ്പയിന്‍ വിശദീകരിച്ച ആല്‍ സആബി പറഞ്ഞു. ഇത്തരം സ്ഥലങ്ങളിലെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകട രഹിതമായ നിരത്തുകളാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നതും ആഗ്രഹിക്കുന്നതും.
ഇത് സാക്ഷാത്കരിക്കാന്‍ സമൂഹത്തിലെ മുഴുവനാളുകളും സഹകരിക്കണമെന്നും അല്‍ സആബി ആവശ്യപ്പെട്ടു. ക്യാമ്പയിന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ വിവിധ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗങ്ങളെയും ബന്ധപ്പെട്ട വിവിധ വകുപ്പുകളെയും സഹകരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളും മറ്റു സൈബര്‍ സൗകര്യങ്ങളും ഉപയോഗിക്കുന്നതിനു പുറമെ ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍, ബ്രോഷറുകള്‍, സ്റ്റിക്കറുകള്‍ എന്നിവയും വിതരണം ചെയ്യും.

Latest