Connect with us

Malappuram

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പോലീസിന്റെ വക ഇംപോസിഷന്‍

Published

|

Last Updated

തിരൂരങ്ങാടി: ഹെല്‍മെറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിളില്‍ വിലസുന്നവര്‍ക്ക് പോലീസിന്റെ വക ഇംപോസിഷന്‍. തിരൂരങ്ങാടി പോലീസാണ് ഈപരിപാടിയുമായി രംഗത്ത് വന്നിട്ടുള്ളത്.
ഹെല്‍മെറ്റ് ധരിക്കാതെ മോട്ടോസൈക്കിള്‍ ഓടിക്കുന്നവരെ കൈകാണിച്ച് നിര്‍ത്തി പത്ത്‌പേര്‍ പൂര്‍ത്തിയായാല്‍ ഓരോരുത്തര്‍ക്കും നോട്ടുബുക്കും പേനയും നല്‍കി അവരവരുടെ മോട്ടോര്‍ സൈക്കിളിന്റെ സീറ്റില്‍വെച്ചാണ് ഇംപോസിഷന്‍ ചെയ്യിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം ചെമ്മാട് ബസ്സ്റ്റാന്റിന് സമീപം പോലീസ് നടത്തിയ പരിപാടിക്ക് പത്ത് പേര്‍ തികയാന്‍ വെറും അഞ്ച് മിനുട്ട് സമയംമാത്രമാണ് ആവശ്യമായത്.
ഹെല്‍മെറ്റ് ധരിക്കാതെ ഇനി ഞാന്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുകയില്ല എന്ന് 50 തവണയാണ് ഓരോരുത്തരെക്കൊണ്ടും എഴുതിച്ചത്. താഴേ ആളുടെ പേരും ഫോണ്‍ നമ്പറും എഴുതണം. ആദ്യം പിടികൂടുന്ന പത്ത് പേര്‍ക്ക് മാത്രമാണിത്. പിന്നീട് പിടിക്കപ്പെടുന്നവര്‍ക്ക് പിഴഈടാക്കുന്നുണ്ട്. കൈകാണിച്ചിട്ട് നിര്‍ത്താതെ പോയരണ്ട് ബൈക്കുകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരൂരങ്ങാടി എസ്‌ഐ എ സുനില്‍ അഡീഷണല്‍ എസ്‌ഐ മുരളി എ എസ ്‌ഐ ബാലകൃഷ്ണന്‍ പോലീസുകാരായ പ്രജീഷ്, രജീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണിത്.
കൊല്ലംപോലീസ് ഇത്തരം പ്രവൃത്തിനടത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഇറക്കിയ ഉത്തരവില്‍ പോലീസിന്റെ നടപടിനല്ലതാണെന്ന് വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി പോലീസ് ഇംപോസിഷന്‍ പ്രവര്‍ത്തനവുമായി ഇറങ്ങിയിട്ടുള്ളത്. ആഴ്ചയില്‍ രണ്ടു തവണ ഇത് തുടരുമെന്നും എസ്‌ഐ സുനില്‍ സിറാജിനോട് പറഞ്ഞു.

Latest