Connect with us

Kerala

പോലീസ് സേനാംഗങ്ങളുടെ കുറവ്: ജനമൈത്രി പോലീസ് സംവിധാനം പാളുന്നു

Published

|

Last Updated

പാലക്കാട്: ജനസൗഹാര്‍ദ സമീപനത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച കേരളത്തിലെ ജനമൈത്രി പോലീസ് സംവിധാനം പാളുന്നു. പോലീസ് സേനാംഗങ്ങളുടെ കുറവ് മൂലം പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഇതിനായി നിയോഗിച്ച പോലീസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കേണ്ട സ്ഥിതി വന്നപ്പോഴാണ് പദ്ധതിക്ക് പാളിച്ച സംഭവിച്ചത്.
സമീപഭാവിയില്‍ തന്നെ എല്ലാ സ്‌റ്റേഷനുകളും കമ്യൂനിറ്റി പോലീസ് പദ്ധതിയിലേക്ക് മാറാനിരിക്കേയാണ് ആള്‍ക്ഷാമം മൂലം മികച്ച ഒരു മാതൃക പാളുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ജനമൈത്രി പോലീസ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഇതിനായി പോലീസുകാരെ നിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.
148 പോലീസ് സ്‌റ്റേഷനുകളാണ് ആദ്യം ജനമൈത്രി നടപ്പാക്കിയത്. ഒരു സ്‌റ്റേഷനില്‍ നാല് സിവില്‍ പോലീസുകാരെയും ഒരു വനിതാ പോലീസിനെയും ജനമൈത്രി ബീറ്റിനായി നിയോഗിച്ചു. ഇങ്ങനെ ആകെ 740 സിവില്‍ പോലീസുദ്യോഗസ്ഥരാണ് പദ്ധതിക്കായി നിയുക്തരായത്. 2012- 13 ലെ ബജറ്റില്‍ 100 സ്‌റ്റേഷനുകളില്‍ കൂടി ജനമൈത്രി പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍ ആവശ്യമായ പോലീസുദ്യോഗസ്ഥരെ മാത്രം നിയോഗിച്ചില്ല. അടുത്ത ബജറ്റില്‍ 52 സ്റ്റേഷനില്‍ കൂടി പ്രഖ്യാപിച്ചു. ഇവിടെയൊന്നിലും പോലീസുകാരെ നിയോഗിച്ചിട്ടില്ല. ജനമൈത്രി പോലീസിന്റെ മുഖമുദ്രയാണ് ബീറ്റ് ഓഫീസര്‍മാര്‍ സ്റ്റേഷന്‍ പരിധിയിലുള്ള വീടുകള്‍ സന്ദര്‍ശിക്കുന്നത്. അതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കുറക്കാന്‍ കഴിയുമെന്നത് പരീക്ഷിച്ച് വിജയിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹിക പീഡനം, മോഷണം, കവര്‍ച്ച, കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍, വൃദ്ധര്‍ക്ക് നേരെയുള്ള അതിക്രമം, പരിസര മലിനീകരണം തുടങ്ങി സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ വലിയൊരളവുവരെ മുന്‍കൂട്ടിയറിഞ്ഞ് നിര്‍ത്തലാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. സാമൂഹിക വിരുദ്ധരെക്കുറിച്ചുള്ള അറിവ് മുന്‍കൂട്ടി ലഭിക്കാനും ആത്മഹത്യപോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനും ഗൃഹസന്ദര്‍ശനം കൊണ്ട് കഴിയുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ജനമൈത്രി പോലീസ് പദ്ധതി ആള്‍ക്ഷാമം മൂലം മുടങ്ങാന്‍ പറ്റില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ് ആക്ടിലെ 63/64 വകുപ്പുകള്‍ അനുസരിച്ച് ഭാവിയില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കോര്‍ പോലീസിങ്ങിലേക്ക് മാറേണ്ടതുണ്ട്. 5000 പോലീസുകാരുടെ കുറവ് ഇന്ന് സ്‌റ്റേഷനുകളിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. വര്‍ഷംതോറും കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇവയനുസരിച്ച് സേനാംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയില്ല.
1991 ലെ ഉദ്യോഗസ്ഥ വിന്യാസമാണിപ്പോഴും പോലീസ് സേനയിലുള്ളതെന്നാണ് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

---- facebook comment plugin here -----

Latest