നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരം: രാംവിലാസ് പസ്വാന്‍

Posted on: January 1, 2015 12:16 am | Last updated: January 1, 2015 at 12:16 am

തിരുവനന്തപുരം: ഘര്‍വാപസിയുടെ പേരിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. ഇത് നിയമത്തിനുള്ളില്‍ സാധുവുമല്ല. എന്നാല്‍ സ്വമേധയാ ഉള്ള മതപരിവര്‍ത്തനം നേരിടാനാകില്ല. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചത് തെറ്റാണെന്ന് കരുതാന്‍ കഴിയുമോ എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
ഘര്‍ വാപ്പസി നിയമത്തിനുള്ളില്‍ നിന്ന് കാണേണ്ട കാര്യമാണെന്നും പാസ്വാന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കിലും പ്രതിപക്ഷം പാര്‍ലിമെന്റ് സ്തംഭിപ്പിച്ചതിനാലാണ് പ്രധാനമന്ത്രിക്ക് മറുപടി പറയാനാകാത്തത്. ദേശീയ തലത്തില്‍ സോഷ്യലിസ്റ്റുകളുടെ ഐക്യം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാഘട്ബന്ധന്‍ എന്ന പേരില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഐക്യപ്പെട്ട് ഒന്നാകുമെന്ന പ്രഖ്യാപനം സാധ്യമാകില്ല. മുലായംസിംഗ്, ശരത് യാദവ്, നിതീഷ്‌കുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രസിഡന്റാവാനുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറില്ല. ഇക്കാര്യത്തിലെ ഉള്ളുകളികള്‍ മുന്‍ സോഷ്യലിസ്റ്റ് എന്ന നിലയില്‍ തനിക്കറിയാം. ബീഹാറിലെ തൊട്ടടുത്ത സംസ്ഥാനമായ ഝാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(യു), ആര്‍ ജെ ഡി, സമാജ് വാദി പാര്‍ട്ടികള്‍ക്ക് ~ഒരു സീറ്റു പോലും നേടാനായില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സംഭാവനയാണ് ചെയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
2005ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ, യു പി എ സഖ്യത്തിനെതിരെ മത്സരിച്ച് തന്റെ പാര്‍ട്ടി 29 സീറ്റ് നേടിയിരുന്നു. ഒരു മുസ്‌ലിമിനെ മുഖ്യമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യണമെന്ന തന്റെ ആവശ്യത്തോട് ആരും അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. സോഷ്യലിസവും, സെക്യുലറിസവും പറയുന്ന ഇവര്‍ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊളളുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആര്‍ എസ് എസ് നിര്‍ദ്ദേശിക്കുന്നതു പോലെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി. മതപരിവര്‍ത്തനവും, രാമജന്മ ഭൂമിയും, ഘര്‍വാപസിയും മറ്റ് വിഷയങ്ങളുമല്ല, മറിച്ച് വികസനവും അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെയുള്ള പോരാട്ടവുമാണ് മോദി സര്‍ക്കാരിന്റെ മുഖ്യ അജണ്ട. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വികസിത ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ശ്രേയസ് ഉയര്‍ന്ന സമയമാണിത്. ഒബാമ വിശേഷിപ്പിച്ചതു പോലെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. ദിവസവും 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുള്ള രാജ്യത്ത് 12 മണിക്കൂറെങ്കിലും മറ്റ് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഓഫീസുകളില്‍ സമയക്രമമില്ലാതെ വന്നു പോയിരുന്ന ഉദ്യോഗസ്ഥര്‍ ഇന്ന് മുഴുവന്‍ സമയവും ഓഫീസില്‍ ചിലവഴിക്കുന്നു.
നിലവില്‍ പ്രധാനമന്ത്രി തന്നെയാണ് സര്‍ക്കാര്‍. കാര്യങ്ങളെല്ലാം ഒറ്റക്ക് തീരുമാനിക്കുന്ന മോദിയുടെ രീതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പാസ്വാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തില്‍ കൂടുതല്‍ വോട്ടു നേടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രിയാകുന്നത്. അദ്ദേഹം മന്ത്രിമാരായി തിരഞ്ഞെടുക്കുന്ന നേതാക്കളടങ്ങുന്നതാണ് മന്ത്രിസഭ. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയാണ് സര്‍ക്കാര്‍ എന്നതാണ് തന്റെ നിലപാട്. എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തെ അനുഭവത്തില്‍ തന്റെ വകുപ്പിനുള്ളില്‍ കൈകടത്താന്‍ പ്രധാനമന്ത്രി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ ഒരു ലക്ഷം പ്രവര്‍ത്തകരെ സൃഷ്ടിക്കുക എന്നാതാണ് ലക്ഷ്യമെന്നും വരുന്ന ബീഹാര്‍ ഇലക്ഷനില്‍ ഹരിയാനയിലും ഝാര്‍ഘണ്ടിലും കൈവരിച്ച വിജയം എന്‍ ഡി എക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹ്ബൂബ്, റീമാ ജോര്‍ജ്ജ്, ജേക്കബ് പീറ്റര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.