National
കൂടംകുളത്ത് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദനം തുടങ്ങി

ചെന്നൈ: കൂടംകുളം ആണവോര്‍ജ നിലയത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകളില്‍ നിന്ന് എന്‍ പി സി ഐ എല്‍ (നൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) പണം ഈടാക്കല്‍ ആരംഭിക്കും. പുതുവത്സര ദിനം പുലര്‍ന്നത് മുതലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിച്ചത്.
ഓരോ യൂനിറ്റിനും ഈടാക്കേണ്ട വില തയ്യാറാക്കിയിട്ടുണ്ട്. കൂടംകുളത്തെ ആദ്യാ യൂനിറ്റ് കഴിഞ്ഞ വര്‍ഷം ജൂലൈ മുതലാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ആ മാസം മുതല്‍ തന്നെ യൂനിറ്റിന് 1.22 രൂപക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്ക് വൈദ്യുതി വില്‍ക്കാന്‍ തുടങ്ങി. ഇത് വാണിജ്യാടിസ്ഥാനത്തിലായിരുന്നില്ല. ഇതിനാണ് ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. കഴിഞ്ഞ പത്താം തീയതി മുതല്‍ ഒന്നാം നിലയത്തില്‍ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് സൈറ്റ് ഡയറക്ടര്‍ ആര്‍ എസ് സുന്ദര്‍ അറിയിച്ചു. ദിവസം 24 ലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാന്‍ സാധിക്കും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ആയിരം മെഗാവാട്ടില്‍ നിന്ന് തമിഴ്‌നാടിന് 562.50ഉം ആന്ധ്രാ പ്രദേശിന് 50ഉം കര്‍ണാടകക്ക് 221ഉം കേരളത്തിന് 133ഉം പുതുച്ചേരിക്ക് 33.50ഉം മെഗാവാട്ട് വൈദ്യുതി ലഭിക്കും.
ഒന്നാം യൂനിറ്റില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തകരാറിലായ ടര്‍ബൈന്‍ ബ്ലേഡുകള്‍ രണ്ടാം യൂനിറ്റിലേതെടുത്ത് പരിഹരിച്ചിട്ടുണ്ട്. ആയിരം മെഗാവാട്ട് ഉത്പാദനക്ഷമതയുള്ള രണ്ടാം യൂനിറ്റ് ഈ വര്‍ഷത്തോടെ പ്രവര്‍ത്തിക്കും. റഷ്യയാണ് കൂടംകുളത്തേക്കുള്ള രണ്ട് റിയാക്ടറുകള്‍ നല്‍കിയത്. സമ്പുഷ്ടീകരിച്ച യുറേനിയം ഇന്ധനമായും വെള്ളം തണുപ്പിക്കാനും ഉപയോഗിക്കുന്നു. റിയാക്ടര്‍ നിലനില്‍ക്കുന്നിടത്തോളം സമ്പുഷ്ട യുറേനിയം റഷ്യ വിതരണം ചെയ്യും. രണ്ട് റിയാക്ടറുകളും എന്‍ പി സി ഐ എല്‍ ആണ് നിര്‍മിച്ചത്. രണ്ട് റിയാക്ടറുകള്‍ കൂടി ഇവടെ നിര്‍മിക്കും. ഇവക്ക് 39500 കോടി രൂപ ചെലവ് വരും. അഞ്ചും ആറും റിയാക്ടറുകള്‍ കൂടി സംവിധാനിക്കാന്‍ സൗകര്യമുള്ളതാണ് കൂടംകുളം നിലയം.