ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Posted on: December 31, 2014 8:25 pm | Last updated: December 31, 2014 at 11:02 pm

തിരുവനന്തപുരം: 10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിനായുള്ള സാധ്യതകള്‍ ആരായാനാണ് മന്ത്രിസഭാ യോഗ തീരുമാനം.
ഹൈക്കോടതി സിംഗിള്‍ ബഞ്ചായിരുന്നു 10 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് തയാറായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ച 10 ബാറുകളില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാറിന്റെ പുതിയ മദ്യനയം.
ജനുവരി അഞ്ചിന് മുമ്പ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിനു സാധിച്ചില്ലെങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വിഷയം കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയായത്.