കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് രണ്ട് മാസത്തിനകം പൊളിച്ചു മാറ്റും

Posted on: December 31, 2014 12:48 pm | Last updated: December 31, 2014 at 12:48 pm

പാലക്കാട്: നവീകരണത്തിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുതുടങ്ങി. പതിനാലു കോടി രൂപ ചെലവില്‍ ഷോപ്പിങ് കോംപ്ലക്‌സ് സൗകര്യത്തോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടിയാണ് കെട്ടിടം പൊളിച്ച മാറ്റുന്നത്. ഇതോടൊപ്പം ജന്റം ഫണ്ട് ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെയുള്ള വര്‍ക്ക് ഷോപ്പ് നിര്‍മിക്കാനും പദ്ധതിയുണ്ട്.ബസ് സര്‍വീസുകള്‍ അന്തര്‍ സംസ്ഥാന ടെര്‍മിനലിലേക്കു മാറ്റി കെട്ടിടം പൊളിച്ചുതുടങ്ങിയത്. ആദ്യം മുകള്‍ നിലയാണ് പൊളിക്കുന്നത്.
താഴത്തെ നില പൊളിക്കുന്നതോടെ ബസ് സര്‍വീസുകള്‍ സ്‌റ്റേഡിയം സ്റ്റാന്‍ഡിലേക്ക് മാറ്റേണ്ടിവരും. രണ്ടു മാസത്തിനുള്ളില്‍ കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റും. സ്‌റ്റേഡിയം സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കി വരുകയാണ്. ജീവനക്കാര്‍ക്ക് താമസിക്കുന്നതിനും പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനും സൗകര്യം ഒരുക്കി വരുകയാണ്. നേരത്തെ ബസ് സ്റ്റാന്‍ഡ് സ്റ്റേഡിയം സ്റ്റാന്റിലേക്ക് മാറ്റി പൊളിക്കാനാണ് തീരുമാനിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്റ്റാന്‍ഡ് മാറ്റാന്‍ പാടില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് അന്തര്‍സംസ്ഥാന ടെര്‍മിനലും പരിസരവും ഉപയോഗപ്പെടുത്തി അവിടെ നിന്നു തന്നെ ബസ് സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചത്.
പുതിയ കെട്ടിടം പണിക്കുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. രണ്ടുമാസത്തിനുള്ളില്‍ അനുമതി ലഭ്യമാക്കി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 1968 ല്‍ പണികഴിപ്പിച്ച കെട്ടിടമാണ് ഇപ്പോള്‍ പൊളിച്ചുമാറ്റുന്നത്.