എരഞ്ഞിയില്‍- വരിങ്ങിലോറ മല കോളനി റോഡ് അറ്റകുറ്റപ്പണി നടത്തിയില്ല

Posted on: December 31, 2014 9:26 am | Last updated: December 31, 2014 at 9:26 am

നരിക്കുനി: ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിനായി 2009 ല്‍ കീറിമുറിച്ച എരഞ്ഞിയില്‍- വരിങ്ങിലോറ മല കോളനി റോഡ് പ്രവൃത്തി സംബന്ധിച്ച വിവാദം. ഈ റോഡില്‍ പൈപ്പിടുന്നതിന് കുഴിച്ച ഭാഗം നന്നാക്കുന്നതിന് വേണ്ടി വാട്ടര്‍ അതോറിറ്റി നരിക്കുനി ഗ്രാമപഞ്ചായത്തിന് ഫണ്ട് കൈമാറി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കപ്പെടാത്തത് സംബന്ധിച്ചാണ് വിവാദം ഉയരുന്നത്. റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭങ്ങള്‍ക്കിറങ്ങുകയാണ്.
വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷകളില്‍ ഈ റോഡില്‍ ജപ്പാന്‍ പദ്ധതിക്കായി കുഴിച്ച ഭാഗം നന്നാക്കുന്നതിനായി 2009ല്‍ 4,28,736 രൂപ വാട്ടര്‍ അതോറിറ്റി ഗ്രാമപഞ്ചായത്തിന് കൈമാറിയതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ റോഡില്‍ ഈ ഭാഗത്ത് കഴിഞ്ഞ 20 വര്‍ഷമായി പ്രവൃത്തികളൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഗ്രാമപഞ്ചായത്തിന് ലഭിച്ച തുക ചെലവഴിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് 315 മീറ്റര്‍ ടാറിംഗിനായി 2,88,855 രൂപ ചെലവഴിച്ചതായും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് കുഴിച്ച റോഡ് തകര്‍ന്നു കിടക്കുമ്പോഴും പണം എവിടെ ചെലവഴിച്ചുവെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.
എന്നാല്‍ ജപ്പാന്‍ പദ്ധതിക്കായി കീറുന്നതിന് മുമ്പുതന്നെ തകര്‍ന്ന് തുടങ്ങിയ ഈ റോഡ് പൈപ്പിട്ടതോടെ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. നൂറോളം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന വരിങ്ങിലോറ മല കോളനിയിലേക്കുള്ള റോഡാണിത്. മറ്റ് നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
ക്രമക്കേട് നടന്നതായും വിജിലന്‍സും ഓംബുഡ്‌സ്മാനും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.